വാഴക്കുളം: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ “ആരോഗ്യ ജാഗ്രത പകർച്ച വ്യാധി പ്രതിരോധ യജ്ഞം 2019 ” സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ ‘ആരോഗ്യസുരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം ‘ എന്ന ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചു. ആരോഗ്യവകുപ്പ് ബന്ധപ്പെട്ട ഇതര ഏജൻസികൾ എന്നിവ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും .
ഈ മാസം 11 ന് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും.

ഗാർഹികം, സ്ഥാപനം, പൊതു തലം എന്നിങ്ങനെ മൂന്നായി പ്രവർത്തനമേഖലയിൽ വിഭജിച്ചിട്ടുണ്ട് . ഓരോ പഞ്ചായത്തിലും വാർഡ് തല ആരോഗ്യ ശുചിത്വ സമിതി പ്രത്യേക യോഗം ചേരാൻ തീരുമാനിച്ചു. ശുചിത്വ മാപ്പിംഗ് ,മൈക്രോ ലെവൽ കർമ്മപദ്ധതി രൂപീകരണം എന്നിവയ്ക്കായി വാർഡു തല ആരോഗ്യ ശുചിത്വ സമിതിയെ ചുമതലപ്പെടുത്തി.

50 വീടിന് ഒരു സ്ക്വാഡ് ആഡ് എന്ന അടിസ്ഥാനത്തിൽ ഇതിൽ വാർഡ് തലത്തിൽ ശുചിത്വ സ്ക്വാഡ് രൂപീകരിക്കും. ആഴ്ചയിൽ ഒരു ദിനം ആരോഗ്യജാഗ്രത ദിനമായി ആചരിക്കും. പകർച്ച വ്യാധികൾ തടയുന്നതിനായി കൊതുകിനെ ഉറവിടം നശിപ്പിക്കുക എന്നതാണ് പ്രധാനമായി ചെയ്യുന്ന ശുചീകരണ പ്രവർത്തനം. കെട്ടിട നിർമ്മാണ മേഖല, തോട്ടം മേഖല ,തീരദേശ മേഖല എന്നിവിടങ്ങളിലെ മാലിന്യ നിർമാർജ്ജന രീതികൾ സ്ക്വാഡ് നിരീക്ഷിക്കും. കുടിവെള്ളത്തിന് ഗുണമേന്മ പരിശോധിച്ച് ക്ലോറിനേഷന് നേതൃത്വം നൽകും.

11, 12 തീയതികളിലായി ക്ലീനിങ് ക്യാമ്പയിൻ, 16 ന് ഡെങ്കു ഡേ, 17 ന് പ്ലാന്റേഷൻ ക്യാമ്പയിൻ എന്നിവയാണ് സംഘടിപ്പിച്ചിരിക്കുന്നത് കൂടാതെ 18 ന് തോട്ടം മേഖല, കെട്ടിട നിർമ്മാണ സൈറ്റ് എന്നിവിടങ്ങളിൽ കൊതുക് നിർമാർജനത്തിന് വേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 25 ന് ഹോട്ടൽ പരിശോധന ,26ന് കുടിവെള്ള സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോജി ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന യോഗം പ്രസിഡണ്ട് മുംതാസ് ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: ആരോഗ്യ ജാഗ്രത സമിതി യോഗം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.