കൊച്ചി: “ഒരു മുറി പോലും സിമന്റ് തേക്കാൻ കഴിവില്ലാതിരുന്ന എന്റെ വീട് മുഴുവൻ സിമൻറ് തേച്ചു. മകളുടെ വിവാഹത്തിന് എന്ത് ചെയ്യുമെന്ന് വിചാരിച്ച് വിഷമിച്ചിട്ടുണ്ട്. സർക്കാരിന്റെ സഹായം വളരെ വലുതാണ് ” – സിമൻറ് തേച്ച് പെയിന്റടിച്ച വീടിന്റെ മുമ്പിൽ നിന്ന് കുന്നുകര രാമൻ തറയിൽ ശാരദ നിറഞ്ഞ ചിരിയിൽ പറഞ്ഞു തീർത്തത് ഒരിക്കലും നടക്കില്ലെന്നു വിചാരിച്ചത് നടന്നതിന്റെ സന്തോഷത്തിലാണ്. ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ച ശരദയുടെ വീട്ടിൽ അമ്മയും സഹോദരിയും മകളുമാണ് ഉള്ളത്. താമസിക്കാൻ വീടുണ്ടായിരുന്നുവെെങ്കിലും മോശമായ അവസ്ഥയിലായിരുന്നു. കൂടുതൽ വൃത്തിയുള്ള വീട് നിർമ്മിക്കുക എന്നത് വീട്ടുപണിക്കുപോയി ഉപജീവനം കഴിക്കുന്ന ശാരദക്ക് സ്വപ്നം മാത്രം. ഈ അവസ്ഥയിലാണ് സംസ്ഥാന സർക്കാർ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ പെടുത്തി ശാരദ ഉൾപ്പടെയുള്ളവരുടെ 59 വീടുകൾ നവീകരിച്ചു നൽകിയത്.
ഇടിഞ്ഞു വീണാറായ അടുക്കളയിൽ മഴയെ പേടിച്ചു ജീവിതം നീക്കിയത് കുന്നുകരയിലെ സെറ്റിൽമെന്റ് കോളനിക്കാർക്ക് ഇതോടെ പഴയ കഥയായി. തുണികൊണ്ടു മറച്ച ജനലുകളും, സിമന്റു തേയ്ക്കാത്ത ബലമില്ലാത്ത ചുവരുകളും പണ്ടത്തെ വീടിന്റെ ഓർമയും. കുന്നുകര ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ ഉൾപ്പെട്ടതാണ് സെറ്റിൽമെന്റ് പട്ടികജാതി കോളനി. 64 കുടുംബങ്ങളാണ് ഉള്ളത്. വീടുകളെല്ലാം ശോചനീയ അവസ്ഥയിലായിരുന്നു. ഭൂരിഭാഗം വീടുകളും മുഴുവൻ നിർമ്മാണവും പൂർത്തിയാക്കാത്തവയും. വീടുണ്ടെങ്കിലും ജനലും വാതിലും ഇല്ലാത്തവയായിരുന്നു കൂടുതലും. സിമൻറുതേക്കാത്ത ചുവരുകളുള്ള വീടുകളുടെ അടുക്കള ഷീറ്റ് മേഞ്ഞതും. മഴക്കാലമായിരുന്നു ജീവിതം കൂടുതൽ കഷ്ടപ്പെടുത്തിയത്.
ഈ അവസ്ഥയായിലാണ് സംസ്ഥാന സർക്കാർ അംബേദ്കർ പട്ടികജാതി കോളനി നവീകരണ പദ്ധതിയിൽ സെറ്റിൽ മെന്റ് കോളനിയെ പരിഗണിച്ചത്. ഒരു കോടി രൂപയുടെ പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ശോച്യാവസ്ഥയിലായ വീടുകളെല്ലാം നവീകരിച്ചു. 59 വീടുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർണമായും കഴിഞ്ഞു. 28 വീടുകൾക്ക് ഷീറ്റ് ഇടുന്ന ജോലിയാണ് ബാക്കിയുള്ളത്.
കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് എല്ലാ വീട്ടിലും പൈപ്പുവെള്ളം എത്തിക്കുന്നതിനുള്ള ജോലികളും പദ്ധതിയുടെ ഭാഗമായുണ്ട്. 17 വീടുകളിൽ മാത്രമാണ് ഇവിടെ ഇതിന്റെ ജോലികൾ ബാക്കിയുള്ളത്. കൂടാതെ വീടുകൾക്ക് ചുറ്റും സംരക്ഷണ ഭിത്തികളും നിർമ്മിച്ചു നൽകുന്നുണ്ട്. 32 വീടുകളുടെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണമാണ് ബാക്കിയുള്ളത്. റോഡ് നവീകരണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.
പാറക്കടവ് ബ്ലോക്കിന്റെ കീഴിൽ നെടുമ്പാശ്ശേരി, ചെങ്ങമനാട് പാറക്കടവ് എന്നീ പഞ്ചായത്തുകളിലും പട്ടികജാതി കോളനികൾ നവീകരണത്തിന്റെ പാതയിലാണ്. കുന്നുകരയിൽ നിർമ്മിതി കേന്ദ്രമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.