കോലഞ്ചേരി : എസ് എസ് എൽ സി ക്ക് പിന്നാലെ ഹയർ സെക്കണ്ടറി പരീക്ഷയിലും തിളക്കമാർന്ന വിജയവുമായി കടയിരുപ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ. 214 വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 94.39 % വിജയത്തോടെ 202 വിദ്യാർത്ഥികൾ ഉന്നത വിജയത്തിന് അർഹത നേടി. ഏഴ് വിദ്യാർത്ഥികൾ മുഴുവൻ എ പ്ലസ് കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ 95.23 ശതമാനവും, കൊമേഴ്സ് വിഭാഗത്തിൽ 98.33 ശതമാനവും, കമ്പ്യൂട്ടർ സയൻസിൽ 87.75 ശതമാനവുമാണ് വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കിയത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന എസ്എസ്എൽസി പരീക്ഷ ഫലത്തിൽ 100% വിജയമാണ് വിദ്യാലയം കരസ്ഥമാക്കിയത്. തുടർച്ചയായ 21 മത് തവണയാണ് ആണ് വിദ്യാലയം നൂറു മേനി വിജയം കൊയ്യുന്നത്. 266 കുട്ടികൾ പരീക്ഷയെഴുതിയതിൽ 12 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിക്കുകയും ചെയ്തു.

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ സഹകരണത്തോടെയാണ് വിദ്യാലയത്തിന് മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുന്നത്. പ്ലസ്ടു തലത്തിൽ കഴിഞ്ഞവർഷത്തേക്കാൾ കാൾ മികച്ച വിജയം കരസ്ഥമാക്കാൻ വിദ്യാർഥികൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും പ്രധാന അധ്യാപികയായ സി പി ദീപ പറഞ്ഞു. മികച്ച രീതിയിലുള്ള ലൈബ്രറി സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്. കുട്ടികളിൽ ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നതിന് വിദഗ്ധരുടെ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. കൂടാതെ ഭാവിയിൽ ഏതു വിഷയം തിരഞ്ഞെടുത്ത് പഠിക്കണം, ജോലി ഏത് തെരഞ്ഞെടുക്കണം എന്നിങ്ങനെ കുട്ടികളിലുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി കരിയർ ഗൈഡൻസ് ക്ലാസ്സുകളും വിദ്യാലയത്തിൽ സംഘടിപ്പിക്കാറുണ്ട്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കടയിരിപ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. മൂന്നു കോടിയുടെ പദ്ധതിയിൽ മികച്ച നിലവാരത്തിലുള്ള ലാബ് സൗകര്യങ്ങളാണ് വിദ്യാർഥികൾക്കായി ഒരുക്കുന്നത്. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ജില്ലാ പഞ്ചായത്തിന്റെ സഹകരണവും വിദ്യാലയത്തിന് ലഭിക്കുന്നുണ്ടെന്നും പ്രിൻസിപ്പൾ പറഞ്ഞു.