ഹയർസെക്കൻഡറി, എസ്. എസ്. എൽ. സി ഫലം അറിയുന്നതിന് പി. ആർ. ഡി ലൈവ് ആപ്പ് ഉപയോഗിച്ചത് 41 ലക്ഷം പേർ. എസ്. എസ്. എൽ. സി. ഫലമറിയാൻ31 ലക്ഷം പേരും ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം അറിയാൻ 10 ലക്ഷം പേരും ആപ്പിനെ ആശ്രയിച്ചു.
ന്യൂസ് ആന്റ് മാഗസിൻ വിഭാഗത്തിൽ ഏഴാമത്തെ ടോപ്പ് ഫ്രീ ആപ്പായും ട്രെൻഡിംഗിൽ ഒന്നാമതും എത്തിയതും നേട്ടമാണ്. ക്ലൗഡ് സംവിധാനത്തിലൂടെ ഹോസ്റ്റ് ചെയ്തിരുന്ന ആപ്പിൽ സന്ദർശകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ബാൻഡ്വിഡ്ത്ത് വികസിക്കുന്ന ഓട്ടോസ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ ഫലം പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ തടസ്സമില്ലാതെ വിവരങ്ങൾ ലഭ്യമായി. ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ പി. ആർ. ഡി ലൈവ് ലഭ്യമാണ്. കഴിഞ്ഞ രണ്ടുവർഷമായി കൂടുതൽ പേർ എസ്. എസ്. എൽ. സി/ പ്ല്‌സ് ടു ഫലമറിയുന്നത് പി. ആർ. ഡി. ലൈവ് ആപ്പിലൂടെയാണ്. വേഗത്തിൽ ഫലം അറിയാൻ കഴിയുന്നതിനാൽ ആപ്പിനെക്കുറിച്ച് മികച്ച പ്രതികരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉപയോക്താക്കൾ രേഖപ്പെടുത്തിയത്.
സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികൾ, വാർത്തകൾ, അറിയിപ്പുകൾ, മന്ത്രിസഭാ യോഗ തീരുമാനങ്ങൾ, ജില്ലകളിൽ നിന്നുള്ള വാർത്തകൾ എന്നിവ ഫോട്ടോയും വീഡിയോയും സഹിതം ആപ്പിൽ ലഭ്യമാണ്.