മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിനായി നെതർലൻഡ്‌സിലെത്തി. നെതർലൻഡ്‌സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മലയാളി സമൂഹത്തിന്റെ പ്രതിനിധികളും സ്വീകരിക്കാനെത്തിയിരുന്നു. തുടർന്ന് അദ്ദേഹം നെതർലൻഡ്‌സിലെ ഇന്ത്യൻ എംബസി സന്ദർശിച്ചു. അംബാസഡർ വേണു രാജാമണി എഴുതിയ ” വാട്ട് കാൻ വി ലേൺ ഫ്രം ദ ഡച്ച്: റീബിൽഡിംഗ് കേരള പോസ്റ്റ് 2018 ഫ്‌ളഡ്‌സ് എന്ന പുസ്തകം സമ്മാനിച്ചു. ഖരമാലിന്യ സംസ്‌കരണം, ഗതാഗതം, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് എന്നീ മേഖലകളിലെ സംവിധാനങ്ങളെക്കുറിച്ച് ജർമൻ, ഡച്ച് കമ്പനി പ്രതിനിധികൾ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. എ.ആർ. എഫ് ട്രാഫിക് സൊല്യൂഷൻസ്, ടി. എൻ.ഒ ബിഗ് ഡാറ്റ വാല്യു സെന്റർ, സോന്റ ഗ്‌ളോബൽ ഇൻഫ്ര തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളാണ്  ഈ മേഖലകളെക്കുറിച്ച് വിശദീകരിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.