എറണാകുളം ജില്ലയിലെ കിഴക്കന്‍പ്രദേശങ്ങളില്‍ ഏതാനുംപേരില്‍ മഞ്ഞപിത്ത രോഗബാധ (ഹെപ്പറ്റൈറ്റിസ് എ) കണ്ടെത്തിയിട്ടുണ്ട്. രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും, ഭക്ഷണത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തില്‍ പെട്ട മഞ്ഞപ്പിത്തമാണ് ചിലരില്‍ കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.  നന്നായി തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂ. ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, തട്ടുകടകള്‍, കാന്റീനുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍  എന്നിവിടങ്ങളില്‍ കുടിവെള്ളവും, ആഹാരസാധനങ്ങളും വളരെ ശുചിയായി കൈകാര്യം ചെയ്യണം.  ഹോട്ടലുകളില്‍ തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാന്‍ കൊടുക്കാവൂ. യാതൊരു കാരണവശാലും തിളപ്പിച്ചവെള്ളവും, പച്ചവെള്ളവും കൂട്ടികലര്‍ത്തരുത്. ഭക്ഷണസാധനങ്ങള്‍ ഈച്ച കയറാത്തവിധം അടച്ചുസൂക്ഷിക്കണം. പഴകിയ ഭക്ഷണം കഴിക്കരുത്. ആഹാരസാധനങ്ങള്‍ കൈകാര്യംചെയ്യുന്നതിനുമുമ്പ് സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കൈകഴുകണം. കക്കൂസില്‍ പോയതിനുശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.  ശീതളപാനീയങ്ങള്‍ ഉണ്ടാക്കുവാനുപയോഗിക്കുന്ന ഐസിലും  വെള്ളത്തിലും  രോഗാണുക്കളുണ്ടാകുവാനുള്ള സാധ്യതയേറെയായതിനാല്‍ ഇവ ഒഴിവാക്കണം. •പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. കിണറുകള്‍ ഉപയോഗിക്കുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ക്ലോറിനേഷന്‍ നടത്തണം. ജോലിക്ക് പോകുമ്പോഴും, യാത്രകളിലും, തിളപ്പിച്ചാറിയ വെള്ളം കൂടെ കരുതണം. പനി, ശരീരവേദന, ഓക്കാനം, ഛര്‍ദി, ക്ഷീണം, തുടങ്ങിയ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.