ഭാരതം കണ്ട ഏറ്റവും ഫലപ്രദമായ യൗവനമായിരുന്നു സ്വാമി വിവേകാനന്ദന്റേ       തെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവേകാനന്ദ സ്പര്‍ശം 2017മായി ബന്ധപ്പെട്ട സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. കേവലം നാല് പതിറ്റാണ്ട് മാത്രം നീണ്ട ഒരു ജീവിതത്തിലൂടെ ലോകത്തിന്റെ നെറുകയില്‍ കയറി ഇതാണ് എന്റെ രാജ്യം ഇതാണ് എന്റെ പാരമ്പര്യം എന്ന് ഉറക്കെ പ്രഖ്യാപിച്ച വിവേകാനന്ദന്റെ ആര്‍ജവം ഉള്‍ക്കൊള്ളുവാന്‍ യുവതലമുറയ്ക്ക് കഴിയണം. ചരിത്രം പലപ്പോഴും നിഷ്പക്ഷമല്ല. ചരിത്രകാരന്റെ മാനസികാവസ്ഥകളും ചരിത്ര രചനയെ സ്വാധീനിക്കാറുണ്ട്. ചരിത്രത്തെ സങ്കുചിതമായ ആവശ്യങ്ങള്‍ക്ക് വളച്ചൊടിക്കുന്ന സമകാലിക സാഹചര്യത്തില്‍ വിവേകാനന്ദ സ്വാമികളുടെ പ്രബോധനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. രവീന്ദ്രനാഥ ടാഗോര്‍ ഒരിക്കല്‍ പറഞ്ഞു. ഇന്‍ഡ്യയെക്കുറിച്ച് അറിയുവാനാഗ്രഹമുള്ളവര്‍ തീര്‍ച്ചയായും വിവേകാനന്ദ സ്വാമികളെക്കുറിച്ച് പഠിക്കണമെന്ന്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് വിവേകാനന്ദ സ്വാമികളുടെ ഉദ്‌ബോധനങ്ങള്‍ പ്രചോദനമായിട്ടുണ്ടെന്ന് മഹാത്മാഗാന്ധിയും പറഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്നും മനുഷ്യന്റെ നന്മയാണ് പ്രധാനമെന്നും അദ്ദേഹം വിശ്വസിച്ചു. എല്ലാ മതഗ്രന്ഥങ്ങളെയും ആഴത്തില്‍ പഠിച്ച വ്യക്തിയായിരുന്നു സ്വാമി വിവേകാനന്ദന്‍. മാനവ സൗഹാര്‍ദത്തിന്റെ സന്ദേശം ഉയര്‍ത്തിപിടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സമകാലിക ഭാരതത്തിലെ പല സംഭവങ്ങളും വിവേകാനന്ദ സ്വാമികളുടെ ഉദ്‌ബോധനങ്ങള്‍ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാത്തതുമൂലമാണെന്നും എംഎല്‍എ പറഞ്ഞു. കേരളീയ നവോത്ഥാനത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കിയ 14 വ്യക്തികളുടെ പേരില്‍ 14 ജില്ലകളിലും സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ ചട്ടമ്പി സ്വാമികളുടെ പേരിലാണ് സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
ദിശാബോധം നഷ്ടപ്പെട്ട ഇന്നത്തെ യുവസമൂഹം വിവേകാനന്ദ സ്വാമികളുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയാണെങ്കില്‍ അത് വലിയ മാറ്റത്തിന് കാരണമാകുമെന്ന് ചടങ്ങിന് ആശംസ നേര്‍ന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.
വിവേകാനന്ദ സ്പര്‍ശം പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ     വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ വിതരണം ചെയ്തു.
സരസകവി മുലൂര്‍ സ്മാരകം പ്രസിഡന്റ് കെ.സി.രാജഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ വി.ആര്‍.സദാശിവന്‍ നായര്‍, വാസ്തു വിദ്യാ ഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയുള്ള പി.പി.സുരേന്ദ്രന്‍, ബുക്ക് മാര്‍ക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രന്‍, പ്രൊഫ.ടി കെ.ജി.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ ഉത്തിഷ്ഠത ജാഗ്രത എന്ന പേരിലുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നവോത്ഥാന ദൃശ്യ സന്ധ്യ എന്ന പേരില്‍ മള്‍ട്ടി മീഡിയ ദൃശ്യാവതരണവും സമ്മേളനത്തോടനുബന്ധിച്ച് നടന്നു.
സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികാഘോഷമായ വിവേകാനന്ദ സ്പര്‍ശം 2017ന്റെ ഭാഗമായി നടത്തിയ ഉപന്യാസ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എലിമുള്ളുംപ്ലാക്കല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ രാഹുല്‍ രാജീവ് ഒന്നാം സ്ഥാനവും മുട്ടത്തുകോണം എസ്എന്‍ഡിപി എച്ച്.എസ്.എസിലെ എസ്.പാര്‍വതി രണ്ടാം സ്ഥാനവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചെന്നീ ര്‍ക്കര എസ്എന്‍ഡിപി എച്ച്എസ്എസിലെ എം.എസ്.ശബരി ഒന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗം ക്വിസ് മത്സരത്തി ല്‍ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസിലെ എസ്.ഭാനുലാല്‍ ഒന്നാം സ്ഥാനവും കുന്നന്താനം എന്‍എസ്എസ് എച്ച്എസ്എസിലെ വി.അരവിന്ദ് രണ്ടാം സ്ഥാനവും നേടി.