അനധികൃത മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും വില്‍പ്പന തടയുന്നതിന് ക്രിസ്മസ് -പുതുവത്സര കാലത്ത് ജില്ലയില്‍ എക്‌സൈസ് വിഭാഗത്തിന്റെ പരിശോധന ശക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ നിര്‍ദേശിച്ചു. ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ലഹരിവസ്തുക്കളുടെ വില്‍പ്പന സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വിവരം ലഭിച്ചാല്‍ എക്‌സൈസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍(0468-2222873) അറിയിക്കണമെന്നും കളക്ടര്‍ പറഞ്ഞു.  ജില്ലയില്‍ പരിശോധനയ്ക്കായി സ്‌ക്വാഡുകളെ നിയോഗിക്കണമെന്നും ശബരിമലയുമായി ബന്ധപ്പെട്ട മേഖലകളില്‍ നിരീക്ഷണം ശക്തമാക്കണമെന്നും ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
കഴിഞ്ഞ ഒരു മാസ കാലയളവില്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി അബ്കാരി നിയമപ്രകാരം മൂന്നു കേസുകളും എന്‍ഡിപിഎസ് നിയമപ്രകാരം 54 കേസുകളും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 335 കേസുകളും കോട്പ നിയമപ്രകാരം 57 കേസുകളും 877 കോട്പ പെറ്റി കേസുകളും മദ്യപിച്ച് വാഹനം ഓടിച്ചതിന് 1318 കേസുകളും 118(എ) വകുപ്പ് പ്രകാരം 430 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ലയിലെ ഏഴ് എക്‌സൈസ് റേഞ്ചുകളുടെ പരിധിയില്‍ 650 റെയ്ഡുകള്‍ നടത്തി. 114 അബ്കാരി കേസുകളിലും 11 എന്‍ഡിപിഎസ് കേസുകളിലുമായി 118 പ്രതികളെ അറസ്റ്റ് ചെയ്തു. 0.723 കി.ഗ്രാം ഗഞ്ചാവ്,. 99.4 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 4.6 ലിറ്റര്‍ ബിയര്‍, 499 ലിറ്റര്‍ കോട, 140.85 ലിറ്റര്‍ അരിഷ്ടം, 24 ലിറ്റര്‍ ചാരായം, 87.750 കി.ഗ്രാം പുകയില ഉത്പന്നങ്ങള്‍ എന്നിവ കണ്ടെടുത്തു. 2543 വാഹനങ്ങള്‍ പരിശോധിക്കുകയും മൂന്നെണ്ണം പിടിച്ചെടുക്കുകയും ചെയ്തു. വിദേശമദ്യശാലകളില്‍ 29ഉം ബിയര്‍-വൈന്‍ പാര്‍ലറുകളില്‍ 31ഉം ബാര്‍ ഹോട്ടലുകളില്‍ 31ഉം കള്ളുഷാപ്പുകളില്‍ 357ഉം പരിശോധനകള്‍ നടത്തി. വിദേശമദ്യത്തിന്റെ 10ഉം കള്ളിന്റെ 46ഉം സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. കോട്പ ആക്ട് പ്രകാരം 483 കേസുകള്‍ എടുക്കുകയും 96,600 രൂപ പിഴ ചുമത്തുകയും ചെയ്തു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ താല്‍ക്കാലിക റേഞ്ച് ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഓഫീസുകളുടെ നേതൃത്വത്തില്‍ 225 റെയ്ഡുകള്‍ നടത്തുകയും 906 വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്തു. കോട്പ നിയമപ്രകാരം 1485 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 23 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍, 39 പാക്കറ്റ് സിഗരറ്റ്, 92 പാക്കറ്റ് ബീഡി, 342 പാക്കറ്റ് പാന്‍മസാല എന്നിവ പിടിച്ചെടുത്തു. 2,96,300 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.മുഹമ്മദ് റഷീദ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യന്‍, നൗഷാദ് കണ്ണങ്കര, ജയചന്ദ്രന്‍ ഉണ്ണിത്താന്‍, പി.വി.എബ്രഹാം, ഭേഷജം പ്രസന്നകുമാര്‍, എം.മുഹമ്മദ് സാലി, കെ.ജി.അനില്‍കുമാര്‍,  ഡെപ്യൂട്ടി ഡിഎംഒ ഡോ.ടി.അനിതാകുമാരി, എക്‌സൈസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.