ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ സമഗ്ര ശുചീകരണ യജ്ഞത്തിൽ ജില്ലയിൽ നിന്നു ശേഖരിച്ചത് 80 ടൺ അജൈവ മാലിന്യം. മീനങ്ങാടി പഞ്ചായത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ മാലിന്യം ശേഖരിച്ചത്- 3,500 കിലോഗ്രാം. പുൽപ്പള്ളി (3,000), മുട്ടിൽ (2,400), പനമരം (2,100), തരിയോട് (1,200) എന്നിവയാണ് കൂടുതൽ അജൈവ മാലിന്യം ശേഖരിച്ച മറ്റ് പഞ്ചായത്തുകൾ. അതാതു തദ്ദേശസ്ഥാപനങ്ങളിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന മാലിന്യം ഉടൻ നീക്കം ചെയ്യും. 25,000ത്തോളം ആളുകൾ സമഗ്ര ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ എപിജെ ഹാളിൽ അവലോകനം ചെയ്തു. പഞ്ചായത്ത് തലത്തിൽ നടന്ന പ്രവർത്തനങ്ങൾ ഡെപ്യൂട്ടി ഡയറക്ടർ ഡിംപിൾ മാഗി വിശദീകരിച്ചു. ജില്ലയിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ഡിഎംഒ ഡോ. ആർ രേണുക അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും ഡിഎംഒ അറിയിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ഐ.സി ബാലകൃഷ്ണൻ എംഎൽഎ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ പ്രവീജ്, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ബി.കെ സുധീർ കിഷൻ, ശുചിത്വമിഷൻ അസിസ്റ്റന്റ് കോ-ഓഡിനേറ്റർ എ.കെ രാജേഷ്, ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.