മാനന്തവാടി നഗരസഭയിലെ കൂടൽക്കടവിൽ വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു. വയനാട്ടിലെ എക്കോ ടൂറിസം വിനോദ സഞ്ചാര കേന്ദ്രങ്ങൾ അവധിക്കാലത്ത് അടച്ചു പൂട്ടിയതോടെ ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും പ്രിയമേറിയ ഇടമായി മാറുകയാണ് കൂടൽക്കടവ്. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിലൊന്നായ കബനിയിലാണ് കൂടൽക്കടവുള്ളത്. കൂടൽക്കടവാണ് പനമരം പുഴയുടേയും മാനന്തവാടി പുഴയുടേയും സംഗമസ്ഥാനം. കൂടൽ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം പുൽപ്പള്ളിയെയും മാനന്തവാടിയേയും ബന്ധിപ്പിക്കുന്ന തോണി കടത്ത് കേന്ദ്രമായിരുന്നു. പനമരം പുഴയ്ക്കും മാനന്തവാടി പുഴയ്ക്കും കുറുകേ പാലം വന്നതോടെ പട്ടണങ്ങൾ തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധവും വളർന്നു.
കുടിയേറ്റ കർഷക മേഖലയായ പയ്യംപള്ളിയിലെ ചിരകാല സ്വപ്നമായിരുന്നു കൂടൽക്കടവ് ഇറിഗേഷൻ പദ്ധതി. 30 വർഷങ്ങൾക്ക് മുൻപ് കനാൽ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും അഞ്ചു വർഷം മുൻപാണ് കൃഷി ആവശ്യങ്ങൾക്കായി വെള്ളം പമ്പ് ചെയ്ത് തുടങ്ങിയത്. വേനലിൽ കബനി വരണ്ട് തുടങ്ങിയതുമുതൽ കബനിയ്ക്ക് കുറുകേ താൽക്കാലിക തടയണ നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച് വിവിധ ജലസേചന പദ്ധതികൾക്കായി ഉപയോഗപ്പെടുത്തി. സ്ഥിരമായി ഒരു ചെക്ക്ഡാം വേണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരം 2012 ലാണ് കൂടൽക്കടവിൽ തടയണ നിർമ്മാണം ആരംഭിച്ച് 2014ൽ നിർമ്മാണം പൂർത്തീകരിച്ചത്. ഈ ചെക്ക് ഡാം വയനാട്ടിൽ കബനിക്ക് കുറുകെയുള്ള അവസാനത്തേതും ജില്ലയിൽ തന്നെ ഏറ്റവും വലിയതുമാണ്. മാനന്തവാടി പനമരം പുഴകളുടെ സംഗമസ്ഥാനത്ത് നിന്ന് 300 മീറ്റർ മാറിയാണ് തടയണ നിർമ്മിച്ചിട്ടുള്ളത്.
അടുത്ത കാലങ്ങളായാണ് ഇവിടെ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ച് തുടങ്ങിയത്. കണ്ടറിഞ്ഞും കേട്ടറിഞ്ഞും നിരവധി പേർ ഇവിടെക്ക് എത്തുന്നുണ്ട്. ഭൂരിഭാഗം പേരും അന്യജില്ലകളിൽ നിന്നുള്ളവരാണെന്നത് ഏറെ ശ്രദ്ധേയമാണ്. ചെക്ക്ഡാമിനോട് ചേർന്നുള്ള കുറുവ ദീപിൽ ഉൾപ്പെട്ടെ നിബിഡവനവും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നുറുകണക്കിന് വിനോദ സഞ്ചാരികളാണ് അവധി ദിവസങ്ങളിലും മറ്റും ഇവിടെ എത്തുന്നത്. കൽപ്പറ്റ -പനമരം- കൊയിലേരി വഴിയും, പനമരം- പുഞ്ചവയൽ- ദാസനക്കര വഴിയും, മാനന്തവാടി- കുറുവ ദ്വീപ് റോഡിലൂടെ പയ്യംമ്പള്ളി വഴിയും സഞ്ചാരികൾക്ക് കൂടൽക്കടവിലേക്ക് എത്തിചേരാൻ കഴിയും.