കാക്കനാട്: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കി. തൊഴിൽ- ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം പരിശോധന നടത്തുന്നത്. ജില്ലയിൽ അങ്കമാലി, ആലുവ, പെരുമ്പാവൂർ, കാക്കനാട്, കൊച്ചി മേഖലകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ നാല് ക്യാമ്പുകൾ വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തി. ഇവിടങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. കൂടാതെ ആവശ്യത്തിന് ശൗചാലയങ്ങളില്ലാത്തതും ഒരു റൂമിൽ തന്നെ എണ്ണത്തിൽ കൂടുതൽ ആളുകളെ താമസിപ്പിച്ചിരിക്കുന്നതും ശ്രദ്ധയിൽ പെട്ടു. പലയിടങ്ങളിലും ശൗചാലയങ്ങൾക്ക് വാതിലടക്കമുള്ള സൗകര്യങ്ങളില്ലാത്തതും മാലിന്യ നിക്ഷേപത്തിന് സൗകര്യമൊരുക്കാത്തതും പരിശോധനയിൽ കണ്ടെത്തി. ബന്ധപ്പെട്ട കെട്ടിട – തൊഴിൽ ഉടമകൾക് ശുചീകരണ നോട്ടീസ് നൽകിയതായും പാലിക്കാത്ത പക്ഷം ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ലേബർ ഓഫീസർ വി.ബി. ബിജു പറഞ്ഞു. അസി. ലേബർ ഓഫീസർമാരായ ജാഫർ സാദിഖ്, പി.കെ.നാസർ, ടി.വി. ജോസി, ജയപ്രകാശ്, അബി സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ ലിമി, ശ്രീറാം, സുരേഷ്, മിനി തുടങ്ങിയവർ പരിശോധനകളിൽ പങ്കെടുത്തു. 7 സംഘങ്ങളിലായി 21 ഉദ്യോഗസ്ഥരാണ് പരിശോധനകളിൽ പങ്കെടുക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും

ഫോട്ടോ അടിക്കുറിപ്പ്:
ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ തൊഴിൽ- ആരോഗ്യ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധന