നിലവിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മുപ്പത്തിയാറോളം പ്രാക്ടിക്കൽ പ്രവർത്തനങ്ങൾ നിർദേശിക്കുന്നുണ്ട്. ലാബിൽ കുട്ടികൾ ചെയ്യുന്നതോടൊപ്പം ഇതിലെ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, തെർമൽ, സൗണ്ട് വിഭാഗങ്ങളിലെ പരീക്ഷണങ്ങൾ കൃത്യമായി കമ്പ്യൂട്ടർ ഉപയോഗിച്ചും ചെയ്യാൻ കഴിയുന്ന ഉപകരണമാണ് എക്‌സ്‌പൈസ്. ഒരു ഫോർ ചാനൽ ഓസിലോസ്‌കോപ്പായ എക്‌സ്‌പൈസിൽ സ്‌ക്വയർ, ട്രയാങ്കുലാർ വേവ് ജനറേറ്ററുകൾ ഉണ്ട്. എ.സി./ഡി.സി. സിഗ്‌നലുകളുടെ നിർമാണവും സോണോമീറ്റർ, റെസൊണൻസ് കോളം സിമ്പിൾ പെൻഡുലം, ഹെലിക്കൽ സ്പ്രിംഗ്, തുടങ്ങിയവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും വളരെ എളുപ്പത്തിലും കൃത്യമായും ചെയ്യാനും എക്‌സ്‌പൈസ് വഴി കഴിയും. സാധാരണ ലാബിലെ പരീക്ഷണങ്ങൾ വഴി ലഭിക്കുന്ന ഡേറ്റയുടെ ഫലപ്രദമായ വിശകലനം ഇതുവഴി സാധ്യമാക്കാം. പലപ്പോഴും സ്‌കൂളുകളിലെ ഫിസിക്‌സ് പരീക്ഷണങ്ങൾക്ക് ഓസിലോസ്‌കോപ്പ് പോലുള്ളവ ലഭ്യമാകാറില്ല. ഇത്തരം വിടവുകൾ നികത്തുക മാത്രമല്ല 150 ലധികം ഫിസിക്‌സ് പരീക്ഷണങ്ങൾ നിലവിൽ ചെയ്യാനും എക്‌സ്‌പൈസ് വഴി സാധിക്കും. അധ്യാപകന് തിയറി പഠിപ്പിക്കുന്നതോടൊപ്പം തന്നെ ക്ലാസ് മുറിയിൽ ഡെമോൺസ്‌ട്രേറ്റ് ചെയ്യാനും വിദ്യാർത്ഥികൾക്ക് ഐ.ടി. ലാബിൽ ഇത് പരീക്ഷിക്കാനും അവസരം ലഭിക്കും.
ഹയർസെക്കൻഡറി തലത്തിലെ എല്ലാ ക്ലാസ് മുറികളിലും ഭൗതികശാസ്ത്ര പരീക്ഷണങ്ങൾ ഡിജിറ്റൽ രൂപത്തിൽ ഒരുക്കാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനമേർപ്പെടുത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറും ഹാർഡ് വെയറുമായ എക്‌സ്‌പൈസ് (ExpEYES – Experiments for Young Engineers and Scientists) എന്ന ലാപ്‌ടോപ്പുകളോട് കണക്ട് ചെയ്യാവുന്ന ചെറിയ ഉപകരണം വഴിയാണ് ഇത് സാധ്യമാക്കുന്നത്. ഈ വർഷം ഗണിതത്തിന് പുതുതായി വരുന്ന ഗണിത ഐ.ടി. ലാബുകൾക്ക് പുറമെയാണ് ഭൗതിക ശാസ്ത്രത്തിന് ‘എക്‌സ്‌പൈസ്’ എന്ന പുതിയ സംവിധാനം പൊതുവിദ്യാലയങ്ങളിലെത്തുന്നത്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഹയർസെക്കൻഡറിയിലെ അവധിക്കാല ഐ.ടി. പരിശീലനത്തിന്റെ ഭാഗമായി മുഴുവൻ ഫിസിക്‌സ് അധ്യാപകർക്കും ഉപയോഗിക്കാനുള്ള എക്‌സ്‌പൈസ് ഉപകരണങ്ങൾ, ഈ വർഷം ലഭ്യമാക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർ സാദത്ത് അറിയിച്ചു. ഇതിന്റെ തുടർച്ചയായി മുഴുവൻ സ്‌കൂളുകൾക്കും എക്‌സ്‌പൈസ് കിറ്റുകൾ ലഭ്യമാക്കും. ഐസിഫോസ്, ന്യൂഡൽഹിയിലെ ഐ.യു.എ.സി. തുടങ്ങിയ സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയർ കമ്മ്യൂണിറ്റിയും ഇതിനായി കൈറ്റുമായി സഹകരിച്ചുവരുന്നുണ്ട്. ഐ.യു.എ.സി.യിലെ പ്രൊഫസറും കോഴിക്കോട് സ്വദേശിയുമായ ഡോ. അജിത് കുമാറിന്റെ നേതൃത്വത്തിൽ 2017 ആഗസ്റ്റിൽ ഇരുപത് അധ്യാപകർക്ക് ന്യൂഡൽഹിയിൽ പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ രണ്ടായിരത്തി എഴുനൂറോളം വരുന്ന മുഴുവൻ ഹയർസെക്കൻഡറി മേഖലയിലെ ഫിസിക്‌സ് അധ്യാപകർക്കും പരിശീലനം നൽകുന്നത്.
ഓപൺസോഴ്‌സ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനാൽ സോഴ്‌സ്‌കോഡിൽ മാറ്റം വരുത്തി പുതിയ പരീക്ഷണങ്ങൾ എക്‌സ്‌പൈസിൽ കൂട്ടിച്ചേർത്തുകൊണ്ടേയിരിക്കാം . കൈറ്റ് പുറത്തിറക്കിയ പുതിയ ഐടി@സ്‌കൂൾ ഗ്‌നൂ/ലിനക്‌സ് 18.04ൽ എക്‌സ്‌പൈസ് സോഫ്റ്റ്‌വെയറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ മോഷൻ, തെർമൽ പ്രോപ്പർട്ടീസ്, ഓസിലേഷൻ, തരംഗങ്ങൾ, ഇലക്ട്രിക് പൊട്ടൻഷ്യൽ, കപ്പാസിറ്റൻസ്, കറന്റ് ഇലക്ട്രിസിറ്റി, മാഗ്‌നെറ്റിസം, ഇലക്ട്രോണിക് മാഗ്‌നെറ്റിക് ഇൻഡക്ഷൻ, എസി, സെമി കണ്ടക്‌റ്റേഴ്‌സ്… തുടങ്ങിയ മേഖലകളിലെ 150 പരീക്ഷണങ്ങൾ ഇതിനകം തയ്യാറായിക്കഴിഞ്ഞു. ഇതിനുപുറമെ ഹൈസ്‌കൂൾ ക്ലാസുകളിലേക്കും ഓംസ് ലോ, റെസൊനൻസ്, അനലോഗും ഡിജിറ്റലും, ഹാഫ്‌വേവ്-ഫുൾവേവ് റക്ടിഫിക്കേഷൻ തുടങ്ങിയ നിരവധി പരീക്ഷണങ്ങൾ എക്‌സ്‌പൈസ് വഴി സാധ്യമാകും.