നെടുമ്പാശ്ശേരി: ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റെ (ഐ.എസ്.എ) ആഭിമുഖ്യത്തില്‍ 37 രാജ്യങ്ങളുടെ അംബാസഡര്‍ / ഹൈക്കമ്മിഷണര്‍മാര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ  സൗരോര്‍ജ പ്ലാന്റ് സന്ദര്‍ശിച്ചു. ഐ.എസ്.എയുടെയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ആഗോളതലത്തില്‍ സൗരോര്‍ജ കണ്‍സള്‍ട്ടന്‍സിക്ക് സന്നദ്ധമാണെന്ന് സിയാല്‍ വിദേശ പ്രതിനിധി സംഘത്തെ അറിയിച്ചു.
ഫോസില്‍ ഇന്ധനങ്ങളോടുള്ള  ആശ്രയത്വം കുറയ്ക്കാന്‍ കാര്യക്ഷമമായ സംരംഭങ്ങള്‍  രൂപവത്കരിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന 74 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഐ.എസ്.എ. വന്‍തോതില്‍ ഊര്‍ജ്ജ ഉപഭോഗം വേണ്ടിവരുന്ന വിമാനത്താവളം പോലുള്ള സ്ഥാപനങ്ങള്‍ക്കും  പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കാമെന്ന് സിയാല്‍ തെളിയിച്ചതായി വിദേശപ്രതിനിധികള്‍ വ്യക്തമാക്കി. ആഗോളശ്രദ്ധ നേടിയ സിയാലിന്റെ സൗരോര്‍ജ മാതൃക പിന്തുടരാന്‍ പ്രതിനിധികള്‍ താല്‍പര്യം പ്രകടിപ്പിച്ചു. സൗരോര്‍ജ മേഖലയിലെ സിയാലിന്റെ പ്രവര്‍ത്തനപരിചയം ലഭ്യമാക്കുന്നതില്‍ ഐ.എസ്.എ മുന്‍കൈയെടുക്കണമെന്നും അംബാസിഡര്‍മാര്‍  അഭിപ്രായപ്പെട്ടു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ആഗോളതലത്തില്‍ കണ്‍സള്‍ട്ടന്‍സിക്ക് തയ്യാറാണെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ കുര്യന്‍ വ്യക്തമാക്കി.
നിലവില്‍ 72 അംഗങ്ങളുള്ള ഐ.എസ്.എയില്‍ ഈ വര്‍ഷം ഒക്ടോബറോടെ അംഗസംഖ്യ 100 ആകുമെന്ന്  ചടങ്ങില്‍ സംസാരിച്ച ഐ.എസ്.എ ഡയറക്ടര്‍ ജനറല്‍ ഉപേന്ദ്ര ത്രിപാടി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കാലഘട്ടത്തില്‍ ഐ.എസ്.എയുടെയും സിയാലിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെ വിദേശ പ്രതിനിധികള്‍ അഭിനന്ദിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ഐ.എസ്.എ പദ്ധതിക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്. ഹരിയാന സര്‍ക്കാരിന്റെ ധനസഹായത്തോടെ ബഹിരാകാശ യാത്രിക കല്‍പന ചൗളയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തും. പാരമ്പര്യേതര ഊര്‍ജ്ജ രംഗത്തെ സിയാലിന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തി വിവിധ രാജ്യങ്ങളിലെ 50ല്‍ അധികം വിമാനത്താവളങ്ങളില്‍ സോളാര്‍ പദ്ധതി നടപ്പിലാക്കും. നിലവില്‍ മൂന്ന് ശതമാനം മാത്രം സോളാര്‍ വൈദ്യുതി ഉപയോഗിക്കുന്ന വിയറ്റ്നാം രാജ്യത്തെ 20 വിമാനത്താവളങ്ങളില്‍ സിയാല്‍ മാതൃകയില്‍ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കും. ഇതിനായി ഈ വിമാനത്താവളങ്ങളിലെ മാനേജിംഗ് ഡയറക്ടര്‍മാര്‍ സിയാല്‍ സന്ദര്‍ശ്ശിക്കുമെന്ന് വിയറ്റ്നാം അംബാസഡര്‍ ചടങ്ങില്‍ പറഞ്ഞു.

വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ മുതല്‍ ഊര്‍ജ്ജ സംരക്ഷണം,  ജൈവ കൃഷി തുടങ്ങിയ സിയാല്‍ മാതൃക ഇന്ത്യക്ക് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗരോര്‍ജ പാടത്തെ ജൈവകൃഷി രീതികള്‍ അടുത്തറിയാനും വിദേശ പ്രതിനിധികള്‍ താല്‍പര്യം പ്രകടിപ്പിച്ചു.

ഫ്രാന്‍സ്, ഈജിപ്ത്, ബ്രസീല്‍, ചിലെ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാരാണ് സിയാലിന്റെ സൗരോര്‍ജ്ജ പ്ലാന്റ് സന്ദര്‍ശ്ശിച്ചത്. നിലവില്‍ സിയാലിന്റെ സൗരോര്‍ജ്ജ സ്ഥാപിതശേഷി 40 മെഗാവാട്ടാണ്. പ്രതിദിനം 1.63 ലക്ഷം യൂണിറ്റ് വൈദ്യുതി ഇവയില്‍ നിന്ന് ലഭിക്കുന്നു. വിമാനത്താവളത്തിന്റെ പ്രതിദിന ഊര്‍ജ ഉപയോഗം 1.53 ലക്ഷം യൂണിറ്റാണ്. വന്‍കിട ഊര്‍ജ ഉപഭോഗമുള്ള വിമാനത്താവളം പോലുള്ള സ്ഥാപനങ്ങളിലും പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപകരിക്കുമെന്ന് തെളിയിച്ചതിന് സിയാലിന് 2018ല്‍ ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് ലഭിച്ചിട്ടുണ്ട്.