മികച്ച മാതൃകയായി ആദിവാസി കോളനികളിൽ സർവ്വ ശിക്ഷ അഭിയാൻ കേരള (എസ്.എസ്.എ.കെ) നടപ്പിലാക്കുന്ന ഊര് വിദ്യാകേന്ദ്രങ്ങൾ. ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടെ ഹാജർ നിലവാരം ഉയർത്തുക, കൊഴിഞ്ഞുപോക്ക് തടയുക, കുട്ടികൾക്ക് ഗൃഹപാഠം ചെയ്യാനുള്ള സാഹചര്യമൊരുക്കുക, മാതാപിതാക്കൾക്ക് ബോധവൽക്കരണം നൽകുക എന്നീ ലക്ഷ്യങ്ങളോടെ തുടങ്ങിയ പദ്ധതിയാണ് ഇന്ന് മികച്ച മാതൃകയായി തീർന്നിരിക്കുന്നത്. പണിയ, അടിയ, കാട്ടുനായ്ക്ക, കുറിച്യ, കുറുമ ആദിവാസി വിഭാഗങ്ങളിലായി മുപ്പത്തിനായിരത്തിലധികം ആദിവാസി കോളനികൾ വയനാട് ജില്ലയിലുണ്ട്. പലപ്പോഴും കോളനികളിൽ നിന്നും സ്‌കൂളുകളിലെത്തിച്ചേരാൻ സാധിക്കാത്തത് കുട്ടികളുടെ വിദ്യാഭ്യാസത്തെ മോശമായി ബാധിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ 2015-ലാണ് എസ്.എസ്.എ.കെയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഊരു വിദ്യാകേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഒരു പഞ്ചായത്തിൽ ഒരു ഊര് വിദ്യാലയം എന്ന രീതിയിൽ ആരംഭിച്ച പദ്ധതി ഇന്ന് 60 ഊര് വിദ്യാലയങ്ങളായി വളർന്നു. നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ 1460 കുട്ടികൾ ഊരുവിദ്യാകേന്ദ്രങ്ങളെ ആശ്രയിക്കുന്നുണ്ട്. വൈകിട്ട് അഞ്ചു മുതൽ ഏഴു വരെയാണ് ഊര് വിദ്യാകേന്ദ്രങ്ങളുടെ പ്രവർത്തനം. ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളാണ് പദ്ധതിയെ ആശ്രയിക്കുന്നത്. ഈ വർഷം മുതൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളേയും ഭാഗമാക്കും. എസ്.എസ്.എൽ.സി പരിക്ഷയിൽ മികച്ച വിജയം നേടാനും ഊരു വിദ്യാകേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്കു കഴിഞ്ഞിട്ടുണ്ട്. വിദ്യാർത്ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാൻ എസ്.എസ്.എ.കെയുടെ നേതൃത്വത്തിൽ ഒരു വിദ്യാർത്ഥിക്ക് 3000 രൂപ വാഹനത്തിനായി നൽകുന്നുണ്ട്. പതിനഞ്ചിൽ അധികം ആദിവാസി കുട്ടികൾ ഒരേ കോളനിയിൽ നിന്ന് സ്‌കൂളിൽ പഠിക്കുന്നുണ്ടെങ്കിൽ ഊര് വിദ്യാകേന്ദ്രങ്ങൾ ആവിശ്യമാണെന്ന് സ്‌കൂളിലെ പ്രധാന അധ്യാപകന് എസ്.എസ്.എ.കെയ്ക്ക് അപേക്ഷ സമർപ്പിക്കാം. ആദിവാസി വിഭാഗത്തിന്റെ ഇടയിൽ നിന്നുതന്നെ പത്താം ക്ലാസ്സ് യോഗ്യതയുള്ളവരെയാണ് ഊരു കേന്ദ്രങ്ങളിലെ വിദ്യ വോളന്റിയർമാരായി തിരഞ്ഞെടുത്തത്. ചില സാഹചര്യങ്ങളിൽ മറ്റുള്ളവരേയും പരിഗണിക്കാറുണ്ട്. വണ്ടിക്കടവ്, കായൽകുന്ന്, പാതിരി, വെട്ടത്തുർ, ചെമ്പോത്തറ, നല്ലുർനാട് കോളനികളിലെ ഊരു വിദ്യാകേന്ദ്രങ്ങൾ മികച്ച ഉദാഹരണമാണ്.
ട്രൈബൽ പ്രേമോട്ടർമാരെ കൂടാതെ ഊരുകളിൽ വിദ്യാ വോളെന്റിയർമാരുടെ കൂടി സേവനവും ലഭ്യമാക്കാനും കഴിഞ്ഞു. ഇത് ഈ മേഖലയിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ മുന്നേറ്റത്തിനും സഹായകമായി. ട്രൈബൽ ഡിപ്പാർട്‌മെന്റ്, വനംവകുപ്പ് എന്നിവരുടെയും സഹകരണം പദ്ധതിയുടെ വിജയത്തിന് സഹായകമായിട്ടുണ്ട്.