കൊച്ചി: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രകൃതി സംരക്ഷണത്തിനായി നടത്തുന്ന ഹരിതം വൈപ്പിന്റെ ഭാഗമായി നടത്തിയ തെരുവോര ചുവർ ചിത്ര രചനാ പരിപാടി സമാപിച്ചു. ചെറായി ബീച്ച് ജനകീയ വായനശാല അങ്കണത്തിൽ നടന്ന സമാപന ചടങ്ങ് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്തു.

ചെറായി പെയിന്റിംഗ് ബിനാലെ കലാകാരൻമാരുടെ കൂട്ടായ്മയാണ് ചുവർചിത്രം വരച്ചത്. ചെറായി ബീച്ച് റോഡിലും , മതിൽ ചുവരുകളിലും ബീച്ചിലും , വായനശാലയുടെ ചുവരുകളിലുമാണ് പ്രകൃതി സംരക്ഷണാവബോധം നൽകുന്ന വഴിയോര ചുവർ ചിത്രരചന നടത്തിയത്. പെട്രോനൈറ്റ് എൽഎൻജി ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെയാണ് ഹരിതം വൈപ്പിൻ പദ്ധതി നടപ്പിലാക്കുന്നത്.

ഒരു വർഷം മുൻപ് ആരംഭിച്ച ഹരിതം വൈപ്പിൻ പദ്ധതിയിലൂടെ നട്ട് പിടിപ്പിച്ച പ്രളയത്തിൽ നശിച്ച മരങ്ങൾ വീണ്ടും നട്ട് പിടിപ്പിക്കുമെന്ന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി പറഞ്ഞു. കാർബൺഡൈഓക്സൈസിന്റെ അളവ് കുറക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പരിധിയിലെ വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ മൂന്നുവർഷംകൊണ്ട് ഒരു ലക്ഷം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാൻ ആണ് ഹരിതം വൈപ്പിൻ പദ്ധതി ലക്ഷ്യമിടുന്നത്. വൈപ്പിൻ പ്രസ്സ് ക്ലബ് ,വിവിധ റസിഡൻസ് അസോസിയേഷനുകൾ , സ്കൂളുകൾ, തീരദേശ സംരക്ഷണ സമിതി ,സ്മൃതി സാംസ്കാരിക കേന്ദ്രം , കേരള സാക്ഷരതാ മിഷൻ ,ലൈബ്രറികൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.

പൊതുസ്ഥലങ്ങൾ , റോഡ് അരികുകൾ, കടൽപ്പുറം , ആശുപത്രി പരിസരം , സ്കൂളുകൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ആണ് ആദ്യഘട്ടത്തിൽ മരങ്ങൾ വച്ചുപിടിപ്പിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രവർത്തകരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹായത്തോടെയാണ് വൃക്ഷതൈകൾ സംരക്ഷിക്കുന്നത്. പ്രദേശങ്ങൾക്ക് അനുയോജ്യമായ മരങ്ങൾ കണ്ടെത്താനും നട്ടുപിടിപ്പിക്കുന്നതിനുമായി കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. മൂന്നു വർഷം കൊണ്ട് ഒരു ലക്ഷം വൃക്ഷതൈകൾ അപകടരഹിതമായി നട്ടുപിടിപ്പിക്കാൻ ആണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തീരപ്രദേശങ്ങളിൽ കടൽ ആക്രമണത്തെ തടയുന്നതിനായി താളിപരുതി , കാറ്റാടി തുടങ്ങിയ വൃക്ഷങ്ങൾ നട്ട് പിടിപ്പിക്കും.

സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റിൽ നിന്നും പരിസ്ഥിതി ദിനം , വനമഹോത്സവം തുടങ്ങിയ ദിവസങ്ങളിൽ ലഭിക്കുന്ന വൃക്ഷതൈകളെ കൂടാതെ പ്രാദേശികമായി വളർത്തിയെടുക്കുന്ന തൈകളും ലഭ്യമാക്കുന്നുണ്ട്. സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ സാങ്കേതിക സഹായത്തോടെ വിദ്യാലയങ്ങളിലെ നേച്ചർ ക്ലബുകളുടെ പ്രവർത്തനത്തിന് ഭാഗമായി ചിലവില്ലാതെ വൃക്ഷത്തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്.

പൊതുസ്ഥലങ്ങളിലും പൊതുസ്ഥാപനങ്ങളിലും നടുന്ന വൃക്ഷ തൈകൾക്ക് ട്രീ ഗാർഡ് ഉപയോഗിച്ച് സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. ഒരു വർഷത്തിനിടെ 30000 വൃക്ഷത്തൈകൾ നട്ടു . വരുംവർഷങ്ങളിൽ മുപ്പത്തി അയ്യായിരം വൃക്ഷത്തൈകളും നട്ടുപിടിപ്പിക്കും.

മാലിന്യ സംസ്കരണ സാങ്കേതികവിദ്യകളും രീതികളും വൈപ്പിൻ മേഖലയിലെ ജനങ്ങളെ പരിചയപ്പെടുത്തി വൈപ്പിൻ ഒരു മാലിന്യമുക്ത മേഖലയായി മാറ്റുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ചടങ്ങിൽ തെരുവോര ചുവർ ചിത്ര രചനാ പരിപാടിയിൽ പങ്കെടുത്ത ചെറായി പെയിന്റിംഗ് ബിനാലെ കലാകാരൻമാരെ ആദരിച്ചു. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എൻ . രാധാകൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബോധ ഷാജി , പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ഷിമ്മി പ്രതീപൻ, പ്രശസ്ത കാർട്ടൂണിസ്റ്റ് സീരി മാസ്റ്റർ, ചെറായി ബീച്ച് ജനകീയ വായനശാല പ്രസിഡന്റ് കെ.ബി. രാജേഷ് , ഹരിതം വൈപ്പിൻ കൺവീനർ ജോർജ് അലോഷ്യസ് , സ്മൃതി സാംസ്ക്കാരിക കേന്ദ്രം മുനമ്പം കോർഡിനേറ്റർ പെട്രോനൈറ്റ് എൽഎൻജി ഫൗണ്ടേഷൻ പ്രതിനിധികൾ
തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: ഹരിതം വൈപ്പിൻ തെരുവോര ചുവർചിത്ര രചനാ പരിപാടി സമാപന ചടങ്ങ് തെങ്ങിൻ തൈ നട്ട് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്യുന്നു