കോലഞ്ചേരി: മഴക്കാലം അടുത്തതോടെ പകർച്ച വ്യാധികൾ പെരുകുന്നതിനുള്ള സാധ്യതയും കനത്തു. എന്നാൽ പകർച്ചവ്യാധികളെ ചെറുത്തു നിൽക്കുന്നതിനുള്ള സന്നാഹങ്ങളുമായി ഒരുങ്ങിയിരിക്കുകയാണ് വടവുകോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പഞ്ചായത്തുകൾ. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന തീവ്ര ശുചീകരണ പ്രവർത്തനങ്ങൾക്കാണ് ബ്ലോക്ക് കീഴിൽ പഞ്ചായത്ത് തലത്തിൽ നടത്തിവരുന്നത്. വടവുകോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന ആറു പഞ്ചായത്തുകളിലും ശുചീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. തൊഴിലുറപ്പ് പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇവ കൂടാതെ ആരോഗ്യ ബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി വാർഡ് അടിസ്ഥാനത്തിൽ കുട്ടികൾക്ക് അവധിക്കാല പെൻസിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും പരിസ്ഥിതിസൗഹൃദ വസ്ത്തുക്കൾ കൂടുതലായി ഉപയോഗിക്കുകയും ചെയ്യുന്ന ശീലം കുട്ടികൾ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പെൻസിൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

വിപുലമായ ആരോഗ്യജാഗ്രത ബോധവൽക്കരണ പരിപാടികളാണ് ഐക്കരനാട് പഞ്ചായത്തിൽ നടന്നുവരുന്നത്. കഴിഞ്ഞവർഷം ചില വാർഡുകളിൽ എലിപ്പനി റിപ്പോർട്ട് ചെയ്തതിനാൽ അവിടെ അവിടെയെല്ലാം ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിലും മറ്റും ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 350 കിലോ ജൈവ മാലിന്യം കുഴി കമ്പോസ്റ്റിന് ഐക്കരനാട് പഞ്ചായത്തിൽ വിധേയമാക്കി. 10 കിലോ അജൈവ മാലിന്യങ്ങളും അഞ്ച് വീതം മാലിന്യനിക്ഷേപ ഇടങ്ങളും കൂനകളും വൃത്തിയാക്കി.

ആരോഗ്യജാഗ്രതയുടെ ഭാഗമായി
പൂതൃക്ക ഗ്രാമപഞ്ചായത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിൻറെ ഭാഗമായി കോലഞ്ചേരി ബസ് സ്റ്റാൻഡും ടൗണും വിദ്യാലയങ്ങളും അംഗൻവാടികളും ശുചീകരിച്ചു. വരുന്ന ഞായറാഴ്ച ആയുർവേദ ആശുപത്രി പരിസരം ക്ലീൻ ചെയ്യും. പഞ്ചായത്ത് തലത്തിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് വിപുലമായ ശ്രമങ്ങളാണ് നടത്തിവരുന്നത്. കൂടാതെ 3000 കിലോ ജൈവ മാലിന്യം കുഴി കമ്പോസ്റ്റിന് വിധേയമാക്കുകയും 1000 കിലോ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ഏഴ് വീതം മാലിന്യനിക്ഷേപ ഇടങ്ങളും കൂനകളും വൃത്തിയാക്കി.

തിരുവാണിയൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 4000 കിലോ ജൈവ മാലിന്യം കുഴി കമ്പോസ്റ്റിന് വിധേയമാക്കുകയും 1750 കിലോ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. നാല് വീതം മാലിന്യനിക്ഷേപ ഇടങ്ങളും കൂനകളും വൃത്തിയാക്കി. പൊതു മാലിന്യ സംസ്കരണം സംവിധാനങ്ങളിലൂടെ 225 കിലോ ജൈവ മാലിന്യവും സംസ്കച്ചിട്ടുണ്ട്.

വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ 175 കിലോ ജൈവ മാലിന്യം പൊതു മാലിന്യ സംസ്കരണം സംവിധാനങ്ങളിലൂടെയും 600 കിലോ അജൈവ മാലിന്യവും നീക്കംചെയ്തു. കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ 5500 കിലോ ജൈവ മാലിന്യം കുഴി കമ്പോസ്റ്റിന് വിധേയമാക്കുകയും 280 കിലോ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. 96 വീതം മാലിന്യനിക്ഷേപ ഇടങ്ങളും കൂനകളും വൃത്തിയാക്കി. മഴുവന്നൂർ ഗ്രാമപഞ്ചായത്തിൽ 715 കിലോ ജൈവ മാലിന്യം കുഴി കമ്പോസ്റ്റിന് വിധേയമാക്കുകയും 38 കിലോ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. മൂന്ന് വീതം മാലിന്യനിക്ഷേപ ഇടങ്ങളും കൂനകളും വൃത്തിയാക്കി.

ഫോട്ടോ ക്യാപ്ഷൻ: ആരോഗ്യ ജാഗ്രത യുടെ ഭാഗമായി പൂതൃക്ക ഗ്രാമപഞ്ചായത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ നിന്ന്