കൊച്ചി : ഇടപ്പള്ളി ബ്ലോക്കിൽ മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയിൽ വരുന്ന ചേരാനെല്ലൂര്‍, എളങ്കുന്നപ്പുഴ, കടമക്കുടി, മുളവുകാട് പഞ്ചായത്തുകളിൽ വിവിധ മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് , കൃഷി വകുപ്പ്, ഐ സി ഡി എസ് , കുടുംബശ്രീ, മഹാത്മാഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പ്രവർത്തകർ, ആശാവർക്കർമാർ മറ്റു സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് .

മഹിള പ്രധാന്‍ ഏജന്‍റുമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍, സാക്ഷരതാ പ്രേരക്മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആരോഗ്യസെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിൽ വരുന്ന ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പ്രത്യേക നിര്‍ദ്ദേശവും നൽകി.

ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍ ഫെറിയിലെ പൊതു നിരത്തുകളിലെ മാലിന്യം നീക്കം ചെയ്തു. കൂടാതെ ഈ പ്രദേശങ്ങളിൽ നിന്നും 3 ടണിലധികം അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് എം.സി.എഫ് ലേക്ക് മാറ്റി. കച്ചേരിപ്പടി, ഇടയക്കുന്നം എന്നിവിടങ്ങളിലായി 4 ടണ്‍ മാലിന്യങ്ങള്‍ ശേഖരിച്ച് എം.സി.എഫ് കേന്ദ്രത്തിലേക്ക് മാറ്റി. ആശാ വര്‍ക്കര്‍മാരുടെ നേതൃത്വത്തിൽ ഗൃഹസന്ദര്‍ശനവും ജലസ്രോതസ്സുകളി ക്ലോറിനേഷനും നടത്തി.

എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ മാലിപ്പുറം കുടുംബാരോഗ്യകേന്ദ്രത്തിലെ ആശുപത്രിയും പരിസരവും ശുചീകരിച്ചു. 3 ടണ്‍ മാലിന്യമാണ് ഇവിടെ നിന്നും ശേഖരിച്ചത് . ഇതിന് പുറമെ യുവജന സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ ശുചീകരണ സന്ദേശം നൽകികൊണ്ട് ബൈക്ക് റാലിയും സംഘടിപ്പിച്ചു. ആശാ വർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച് ഭവന സന്ദർശനവും ഗവൺമെന്റ് സ്കൂളും പരിസരവും അങ്കണവാടികളും ശുചിയാക്കി .

മുളവുകാട് പഞ്ചായത്തിൽ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും കാനകൾ വൃത്തിയാക്കുകയും ചെയ്തു . ഹരിത കേരള മിഷനുമായി ചേർന്ന് പഞ്ചായത്തിലെ കുളങ്ങൾ ശുചീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും ഹോട്ടലുകളിൽ പരിശോധന നടത്തുകയും ചെയ്തു. മഹിളാപ്രധാന്‍ ഏജന്‍റുമാരുടെ നേതൃത്വത്തിൽ ബ്ലോക്കിന്‍റെ പരിധിയിലൂടെ കടന്നുപോകുന്ന ദേശീയ പാതയുടെ ഇരുവശങ്ങളും ശുചിയാക്കി.

ബ്ലോക്കിലെ പഞ്ചായത്തുകളിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികളും കൊതുക് നശീകരണ പ്രവർത്തനങ്ങളും ലഘുലേഖ വിതരണവും നടത്തി. ദേശീയ ഡെങ്കു ദിനാചരണത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും സെമിനാറുകളും ഭവന സന്ദർശനവും നടത്തി. ഡെങ്കുപ്പനി പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും കൊതുക് നശീകരണത്തെ കുറിച്ചും ജനങ്ങളെ ബോധവൽക്കരിച്ചു. കൂടാതെ വീടുകൾ സന്ദർശിച്ച് ശുചീകരണം നടത്തുകയും വീടുകളിലെ മാലിന്യം നീക്കം ചെയ്തുവരുന്ന രീതി സര്‍വ്വെ ചെയ്തു.

കുടിവെള്ളം സംരക്ഷിക്കുന്നതിനും മഴവെള്ളം സംഭരിക്കുന്നതിനും ജൈവമാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിനുള്ള കമ്പോസ്റ്റുപിറ്റുകളുടെ ഉപയോഗം എന്നിവ സംബന്ധിച്ചും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സര്‍വ്വെ നടത്തി. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഹരിത ചട്ടം പാലിക്കുന്നതിനും ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിനും പ്രോത്സാഹനം നൽകുന്നതിനും ബോധവൽക്കരണ സെമിനാറും ബ്ലോക്കിൽ സംഘടിപ്പിച്ചു.

ഫോട്ടോ ക്യാപ്ഷൻ:

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ