കൊച്ചി: മഴക്കാല പൂർവ ശുചീകരണ പ്രവർത്തതനങ്ങൾ പൂർത്തിയാക്കി അങ്കമാലി ബ്ലോക്കിലെ പഞ്ചായത്തുകൾ. തൊഴിലുറപ്പ് തൊഴിലാളികൾ, ആശ വർക്കർമാർ ഹരിതസേന അംഗങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തി വിപുലമായ പരിപാടികളാണ് പഞ്ചായത്തുകളിൽ നടപ്പിലാക്കിയത്. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

മലയാറ്റൂർ പഞ്ചായത്തിൽ 50 കിലോ അജൈവ മാലിന്യങ്ങളും 200 കിലോ ജൈവ മാലിന്യങ്ങളും ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നീക്കം ചെയ്തു. ജൈവ മാലിന്യങ്ങൾ കുഴി കമ്പോസ്റ്റിംഗിന് വിധേയമാക്കി. 25 പ്രവർത്തകരാണ് ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്.
അയ്യമ്പുഴ പഞ്ചായത്തിൽ മെയ് 11, 12 ദിവസങ്ങളിലായി നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ 179 പ്രവർത്തകർ പങ്കെടുത്തു. 375 കിലോ ജൈവ മാലിന്യങ്ങളും നീക്കം ചെയ്തു.

കാലടി പഞ്ചായത്തിൽ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം വീടുകൾ സന്ദർശിച്ച് ശാസ്ത്രീയ മാലിന്യ നിർമ്മാർജ്ജന പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നടത്തി. 52 പ്രവർത്തകരുടെ നേതൃത്വത്തിൽ 25 കിലോ ഇലക്ട്രോണിക് മാലിന്യങ്ങളും 500 കിലോ ജൈവമാലിന്യങ്ങളും നീക്കം ചെയ്തു.

തുറവൂർ പഞ്ചായത്തിൽ 200 വളന്റിയർമാരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. 400 കിലോ ജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു. കാഞ്ഞൂർ പഞ്ചായത്തിൽ 80 പ്രവർത്തകർ ചേർന്ന് 250 കിലോ ജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു. ഏഴ് കിലോ ഇ-മാലിന്യങ്ങളും നീക്കം ചെയ്തു.
മൂക്കന്നൂർ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ വെള്ളം കെട്ടിക്കിടന്ന ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഓടകളും കാനകളും വൃത്തിയാക്കി. ആശ വർക്കർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി ബോധവത്കരണം നടത്തി. കൊതുകിന്റെ ഉറവിടനശീകരണ പ്രവർത്തനങ്ങളും നടത്തി. ലഘുലേഖ വിതരണവും സംഘടിപ്പിച്ചു.
400 സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിലാണ് മഞ്ഞപ്ര പഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. പൊതു സ്ഥലങ്ങളിലെയും മാർക്കറ്റിലെയും ദ്രവമാലിന്യങ്ങൾ പ്രവർത്തനങ്ങളുടെ ഭാഗമായി വൃത്തിയാക്കി. പഞ്ചായത്ത് തലത്തിൽ ശുചിത്വ കാമ്പയിൻ നടത്തി. 350 കിലോ ജൈവ മാലിന്യങ്ങൾ കുഴി കമ്പോസ്റ്റിംഗിനു വിധേയമാക്കി.