പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്കിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ടീച്ചർ ബ്ലോക്ക് തല ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഓഫീസ് പരിസരങ്ങൾ ശുചിയാക്കാൻ എല്ലാവരും പങ്കാളികളാവണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ടീച്ചർ പറഞ്ഞു.

പകർച്ചവ്യാധികളെ തടയുന്നതിനായി കൊതുകു നിർമാർജനത്തിന് പ്രത്യേക പ്രാധാന്യം നൽകിയുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ടീച്ചർ, ബ്ലോക്ക് ഡെവലമെന്റ് ഓഫീസർ വിജയകുമാർ, ജിഇഒ റംല എന്നിവർ പങ്കെടുത്തു.

വാഴക്കുളം ,എടത്തല, വെങ്ങോല ,ചൂർണിക്കര, കീഴ്‌മാട്‌ എന്നീ അഞ്ച് പഞ്ചായത്തുകളിലും ശുചീകരണ പരിപാടികൾ പൂർത്തിയാക്കി.
വീട്ടുവളപ്പ്, സ്ഥാപനങ്ങൾ , പൊതുസ്ഥലങ്ങൾ എന്നിങ്ങനെ മൂന്നായി വിഭജിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഓരോ പഞ്ചായത്തിലും ശുചിത്വ മാപ്പിംഗ് ,മൈക്രോ ലെവൽ കർമ്മപദ്ധതി രൂപീകരണം എന്നിവയ്ക്കായി വാർഡു തല ആരോഗ്യ ശുചിത്വ സമിതിയെ ചുമതലപ്പെടുത്തി. 50 വീടിന് ഒരു ക്ലസ്റ്റർ എന്ന നിലയിൽ വാർഡ് അടിസ്ഥാനത്തിൽ ശുചിത്വ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. 200 വീടിന് ഒരു കൺവീനറെയും നിയോഗിച്ചിട്ടുണ്ട്.

ഡെങ്കു ദിനാചരണത്തിന്റെ ഭാഗമായി കൊതുക് നശീകരണത്തെ കുറിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകി.
തോട്ടം മേഖല, കെട്ടിട നിർമ്മാണ സൈറ്റ് എന്നിവിടങ്ങളിൽ കൊതുക് നിർമാർജനത്തിന് വേണ്ട പ്രവർത്തനങ്ങളും നടത്തി.
സ്കൂളുകൾ തുറക്കുന്നതിനോട് അനുബന്ധിച്ച് സ്കൂൾ കേന്ദ്രീകരിച്ച് കുടിവെള്ള സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിലെ കുടിവെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, പഞ്ചായത്ത് മെമ്പർമാർ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , സെക്രട്ടി മാർ , തൊഴിലുറപ്പ് തൊഴിലാളികൾ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ , സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങിയവർ ശുചീകരണ പരിപാടിയിൽ സജീവ സാന്നിദ്ധ്യമറിയിച്ചു.

ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ 31 ന് സമാപിക്കും.

ഫോട്ടോ ക്യാപ്ഷൻ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബ്ലോക്ക് ഓഫീസ് പരിസര ശുചീകരണത്തിന് നേതൃത്വം നൽകുന്നു.