പിറവം: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് രോഗപ്രതിരോധ തുടര്‍പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തും വിവിധ ഗ്രാമപഞ്ചായത്തുകളും. പാമ്പാക്കുട, രാമമംഗലം സാമൂഹ്യആരോഗ്യ കേന്ദ്രങ്ങള്‍ ആരോഗ്യജാഗ്രതാ പദ്ധതിക്ക് കീഴില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. പാമ്പാക്കുട സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ പരിസരം ശുചീകരിച്ചാണ് ബ്ലോക്ക് തല മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പഞ്ചായത്തുകള്‍ക്ക് കീഴിലെ വാര്‍ഡ്തല സാനിറ്റേഷന്‍ സമിതികളാണ് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാ പ്രവര്‍ത്തകര്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ കൂട്ടായ പരിശ്രമമാണ് മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്നത്.

വാര്‍ഡ്തല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡരികിലെ മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്തു. ജില്ലയുടെ കിഴക്കന്‍ ഗ്രാമപഞ്ചായത്തുകളില്‍ റോഡരികിലെ മാലിന്യകൂമ്പാരങ്ങള്‍ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കുറവാണ്. പാലക്കുഴ ഗ്രാമപഞ്ചായത്തില്‍ ഇത്തരം വഴിയോര മാലിന്യ കൂമ്പാരങ്ങള്‍ ഒന്നും തന്നെയില്ല എന്നത് നേട്ടമാണ്. വരും വര്‍ഷങ്ങളില്‍ വഴിയരികില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. പൊതുജന ബോധവത്കരണ പരിപാടികള്‍ ഈ വിഷയത്തില്‍ ശക്തമാക്കുവാനാണ് പഞ്ചായത്തിന്റെ തീരുമാനം.

വഴിയരികില്‍ മാലിന്യം നിക്ഷേപിക്കാതിരിക്കാന്‍ വിവിധ പദ്ധതികള്‍ മറ്റ് പഞ്ചായത്തുകളും ആസൂത്രണം ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ബ്ലോക്കിന് കീഴിലെ മറ്റ് പഞ്ചായത്തുകള്‍. പഞ്ചായത്ത് ഫണ്ട് ഇല്ലാത്ത സാഹചര്യത്തില്‍ വിവിധ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ ധനസഹായത്തോടെ ക്യാമറകള്‍ സ്ഥാപിക്കാനാണ് നീ്ക്കം. പ്ലാസ്റ്റിക്, പേപ്പര്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന പഞ്ചായത്തുകളുടെ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കി മേല്‍പറഞ്ഞ പാഴ് വസ്തുക്കള്‍ കൃത്യമായി സംസ്‌കാരിക്കാനുള്ള നടപടികള്‍ ശക്തമാക്കും.

പാമ്പാക്കുട സാമൂഹ്യ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുമാറാടി, പാമ്പാക്കുട പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന 18 സോഡ നിര്‍മ്മാണ ശാലകളിലും പരിശോധന നടത്തുകയും എല്ലാ നിര്‍മ്മാണ ശാലകളിലും ആധുനിക രീതിയിലുള്ള ജല ശുചീകരണ സംവിധാനങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു. സോഡ നിര്‍മ്മാണ ശാലകളിലെ ജലത്തിന്റെ ഗുണനിലവാരവും ആരോഗ്യ വിഭാഗം ഉറപ്പാക്കുന്നുണ്ട്. വിവിധ ജലജന്യ രോഗങ്ങളെ ചെറുക്കുവാന്‍ ഈ നടപടി ഉപകരിക്കും.

ബ്ലോക്കിന് കീഴിലുള്ള ഭക്ഷണ ശാലകള്‍, ഹോസ്റ്റല്‍ കാന്റീനുകള്‍, കൂള്‍ ബാറുകള്‍ എന്നിവിടങ്ങളിലെ പരിശോധനകളും പൂര്‍ത്തിയാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസന്‍സുകള്‍ ഇല്ലാത്ത കടകള്‍ക്ക് നോട്ടീസ് നല്‍കി. ശുചിത്വകാര്യങ്ങളില്‍ ഭക്ഷണശാലകള്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഉറപ്പാക്കി. പാമ്പാക്കുട പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാക്‌സിനേഷന്‍ നടത്തി.

ജലസ്രോതസ്സുകള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി 1248 കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുകയും സൗത്ത് പിറമാടത്ത് സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ പൊതുകുളം ശുചീകരിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 500 കിലോ ഇ-വേസ്റ്റ് ശേഖരിച്ചു. വിവിധ പഞ്ചായത്തുകളില്‍ നിന്ന് ഇ-വേസ്റ്റുകള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ക്യാപ്ഷന്‍
മഴക്കാല പൂര്‍വ്വ ആരോഗ്യ ജാഗ്രതാ പരിപാടികളുടെ ഭാഗമായി  പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് സുഷമാ മാധവന്റെ നേതൃത്വത്തില്‍ പാമ്പാക്കുട ബസ്റ്റാന്റ് പരിസരം ശുചീകരിക്കുന്നു.