മൂവാറ്റുപുഴ: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ കർമ്മ പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്തും ആരോഗ്യ വകുപ്പും.പരിപാടിയുടെ ഭാഗമായി വിപുലമായ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് പഞ്ചായത്തുകളിലും നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി മുഴുവൻ വാർഡുകളിലും അടിസ്ഥാന വിവര ശേഖരണം നടത്തി. കൊതുകു സാന്ദ്രത, കഴിഞ്ഞ മൂന്നു വർഷത്തിനിടെ മേഖലയിലുണ്ടായ രോഗങ്ങൾ, മാലിന്യ നിക്ഷേപം എന്നിവയെല്ലാമാണ് അടിസ്ഥാന വിവര ശേഖരണത്തിൽ ഉൾപ്പെട്ടത്. തുടർന്ന് ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് തലങ്ങളിലും വാർഡ് തലങ്ങളിലും അവലോകന യോഗങ്ങൾ ചേർന്നു. വാർഡ് തലങ്ങളിൽ സന്നദ്ധ സംഘടനകളേ ഉൾപ്പെടുത്തി വാർഡ് തല ശുചിത്വ പോഷണ സമിതികൾ സജീവമാക്കി. ഇതോടൊപ്പം ബ്ലോക്ക് പരിധിയിൽ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന തരത്തിൽ ഓരോ പി.എച്ച്.സികൾ കേന്ദ്രീകരിച്ചും മെഡിക്കൽ ടീമുകളെ സജ്ജമാക്കി.ഇതോടൊപ്പം 50 വീടിന് രണ്ട് പേർ എന്ന കണക്കിൽ ആരോഗ്യ സേന രൂപീകരിച്ചു. കുടുംബശ്രീ ,ആശ, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആവശ്യമായ പരിശീലനങ്ങളും നൽകി. ബ്ലോക്ക് പരിധിയിലെ എട്ടു പഞ്ചായത്തുകളിലായി 43334 വീടുകളും 185290 ആളുകളുമാണുള്ളത്.

*നടത്തിയ* *പ്രവർത്തനങ്ങൾ*

ജനുവരിയിൽ തന്നെ പഞ്ചായത്തുകളിലെ പൊതു ഇടങ്ങളിൽ ഒരു വട്ടം ശുചീകരണം പൂർത്തിയാക്കിയിരുന്നു.തുടർന്ന് ഗൃഹ സന്ദർശനം നടത്തി ആരോഗ്യ ജാഗ്രതാ സന്ദേശം നൽകി. കൂടാതെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ഓടകൾ ശുചീകരണം, കനാൽ ശുചീകരണം എന്നിവയും നടന്നു. ഗ്രാമസഭകളിൽ പ്രത്യേക വിഷയമായി ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ അജണ്ടയാക്കി. ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കുകയും ഉറവിട നശീകരണ പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്തു.

*വിവര വിനിമയ* *വിദ്യാഭ്യാസ* *പ്രവർത്തനങ്ങൾ*

പ്രവർത്തനങ്ങളുടെ ഭാഗമായി 406 ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, 184 മാതൃസംഗമം, 2308 ഗ്രൂപ്പ് സംവാദങ്ങൾ എന്നിവ നടത്തി. കൂടാതെ 11, 151 കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തി.ഇതോടൊപ്പം പോസ്റ്റർ – നോട്ടീസ് പ്രചാരണവും നടത്തിയിരുന്നു. ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളും സജീവമായി നടന്ന് വരുന്നു. ജല ദൗർലഭ്യമുള്ള സ്ഥലങ്ങളിൽ ഡെങ്കിപ്പനി- വയറിളക്ക പ്രതിരോധ പ്രവർത്തനങ്ങളും നടന്ന് വരുന്നു

*മഴക്കാല പൂർവ്വ* *ശുചീകരണം*

മെയ് 11, 12 തീയതികളിൽ നടന്ന മഴക്കാലപൂർവ ശുചീകരണം ബ്ലോക്ക് പരിധിയിലെ 116 ഗ്രാമപഞ്ചായത്ത് വാർഡുകളിലും സജീവമായി നടന്നു.42 ജീവനക്കാരും 412 സന്നദ്ധ പ്രവർത്തകരും ചേർന്ന് 112 പൊതു സ്ഥലങ്ങളും 22,533 വീടുകളും ശുചീകരിച്ചു. 16,110 കണ്ടെയ്നറുകളും നീക്കം ചെയ്തു. ഡെങ്കു ദിനാചരണം ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ നടന്നു. ഇതിന്റെ ഭാഗമായി ഗൃഹസന്ദർശനവും, സെമിനാറുകളും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ബ്ലോക്ക് പരിധിയിലെ 85 റബർ തോട്ടവും 29 പൈനാപ്പിൾ eതാട്ടവും അടക്കം ചെറുതും വലുതുമായ 285 തോട്ടങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. 96 അതിഥി തൊഴിലാളി കേന്ദ്രങ്ങളിലായി 90 കുടുംബങ്ങളിലും 2025 അതിഥി തൊഴിലാളികളിലും ആരോഗ്യ ജാഗ്രതാ സന്ദേശങ്ങളെത്തിച്ചു. അവരുടെ താമസ- ജോലിയിടങ്ങളിൽ പരിശോധന നടത്തി. ബ്ലോക്ക് പരിധിയിലെ ഭക്ഷണ പാനീയങ്ങൾ വിൽക്കുന്ന 144 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിയമ വിരുദ്ധമായി പ്രവർത്തിച്ച 25 എണ്ണത്തിന് നോട്ടീസ് നൽകി. ഹെപ്പറ്ററ്റിസ് ബി റിപ്പോർട്ട് ചെയ്ത പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും സംശയം തോന്നിയ 29 പേരുടെ രക്ത സാമ്പിളുകൾ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തു. എന്നാൽ പരിശോധനയിൽ ആർക്കും രോഗം കണ്ടെത്തിയില്ല. സ്കൂൾ തുറക്കുന്നതിന് മുമ്പേ അവിടങ്ങളിലെ കുടിവെള്ള സ്രോതസുകൾ ശുചീകരിക്കുന്ന തിരക്കിലാണ് ആരോഗ്യ പ്രവർത്തകർ. 73 സ്കൂളുകളിലായി 2849 കുടിവെള്ള സ്രോതസുകളാണ് ക്ലോറിനേഷൻ നടത്തിയത്. 23 കുടിവെള്ള സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി, വൈസ് പ്രസിഡൻറ് സുഭാഷ് കടക്കോട്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജെസി ജോളി, ബി.ഡി.ഒ എം.എസ്.സഹിത, മെഡിക്കൽ ഓഫീസർ ഡോ. ആർ.ഇന്ദു, ഹെൽത്ത് സൂപ്പർ വൈസർ എം.കെ അസൈനാർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.

ഫോട്ടോ അടിക്കുറിപ്പ്:

മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിൽ നടക്കുന്ന വിവിധ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ