വനംവകുപ്പ് മന്ത്രി കെ.രാജുവും കേരളത്തിലെ 24-തോളം എം.എല്‍.എമാരും പങ്കെടുത്ത രണ്ടു ദിവസമായി തുടരുന്ന ‘കാടറിയാന്‍’ സഹവാസ കാംപ് സമാപിച്ചു. രാവിലെ ട്രക്കിംഗ്, പക്ഷി നിരീക്ഷണം എന്നിവയ്ക്ക് ശേഷം കാംപംഗങ്ങള്‍ക്കായി ആനപ്പാടി നേച്ചര്‍ സ്റ്റഡി ഹാളില്‍ മുന്‍ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം പരിസ്ഥിതി പരിപാലനം, വന്യജീവി സംരക്ഷണം, അവയുടെ പ്രാധാന്യം സംബന്ധിച്ച് ക്ലാസ് നടത്തി. തുടര്‍ന്ന് പറമ്പിക്കുളം കടുവാ സങ്കേതത്തിലെ വിവിധ ഇ.ഡി.സി അംഗങ്ങളുമായി വനംവകുപ്പ് മന്ത്രി, എം.എല്‍.എമാര്‍ , വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സംവദിച്ചു. ശേഷം കാംപ് അംഗങ്ങള്‍ പ്രദേശത്തെ പട്ടികവര്‍ഗ ചുങ്കം കോളനി സന്ദര്‍ശിച്ചു. ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങളും പരാതികളും സംഘം കേട്ടറിഞ്ഞു. ഉച്ച ഭക്ഷണത്തിനുശേഷം കാംപ് അവസാനിച്ചു.