കൊച്ചി: പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ  വജ്രജൂബിലിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ  അക്ഷയ സംരംഭകര്‍ക്ക് കാക്കനാട്  സിവില്‍ സ്‌റ്റേഷനിലുള്ള ജില്ലാ പ്ലാനിംഗ് ഓഫീസ്   ഹാളില്‍  ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. പി.എസ്.സി.യുടെ ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍  ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ശില്‍പ്പശാല  പി.എസ്.സി. ചെയര്‍മാന്‍ എം.കെ.സക്കീര്‍ ഉദ്ഘാടനം ചെയ്തു. ഇത്തരം പരിശീലന പരിപാടികള്‍    ഉദ്യോഗാര്‍ത്ഥികള്‍ക്ക്  സഹായകരമാക്കുന്ന വിധത്തില്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു,  ചടങ്ങില്‍ പി.എസ്.സി. അംഗങ്ങളായ സിമി റോസ്‌ബെല്‍ ജോണ്‍, അഡ്വ.രഘുനാഥന്‍.എം.കെ., എ.ഡിഎം  എം.കെ.കബീര്‍ , അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അജീഷ എന്‍.എസ്., പി.എസ്.സി സെക്രട്ടറി.സാജു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. പി.എസ്.സി.യില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദര്‍ ക്ലാസ്സുകള്‍ നയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ലേറെ  അക്ഷയ സംരംഭകര്‍   പരിപാടിയില്‍ പങ്കെടുത്തു.