വാര്‍ഷിക പരിപാടിയായി കേരള സര്‍ക്കാര്‍ തുടക്കം കുറിക്കുന്ന അന്താരാഷ്ട്ര പുസ്തക- സാഹിതേ്യാത്സവത്തിന്റെ കൊച്ചിയില്‍ നടക്കുന്ന ആദ്യപതിപ്പിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍  പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് അന്താരാഷ്ട്ര പുസ്തക- സാഹിതേ്യാത്സവം സംഘടിപ്പിക്കുന്നത്. പുസ്തകോത്സവം (International Bookfair 2018) മാര്‍ച്ച് 1 മുതല്‍ 11 വരെ മറൈന്‍ ഡ്രൈവിലും സാഹിത്യ-വിജ്ഞാനോത്സവം (International festival of books and authors 2018) മാര്‍ച്ച് 6 മുതല്‍ 10 വരെ ബോള്‍ഗാട്ടി പാലസിലുമാണ് സംഘടിപ്പിക്കുക. എം ടി വാസുദേവന്‍ നായരാണ് മേളയുടെ ഡയറക്ടര്‍. ഷാജി എന്‍. കരുണ്‍ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ് ആയും പ്രവര്‍ത്തിക്കുന്നു. എസ് രമേശനാണ് സ്വാഗതസംഘം ജനറല്‍  കണ്‍വീനര്‍. മുഖ്യമന്ത്രി ചെയര്‍മാനും സഹകരണവകുപ്പുമന്ത്രി വൈസ് ചെയര്‍മാനുമായ മേളയുടെ സംഘാടക സമിതിയില്‍ ജനപ്രതിനിധികളും ജില്ലാ കളക്ടറും എഴുത്തുകാരും പൗരപ്രമുഖരുമടങ്ങുന്നു.
ബോള്‍ഗാട്ടിയില്‍ നടക്കുന്ന സാഹിത്യ-വിജ്ഞാനോത്സവത്തില്‍ 200ലധികം പ്രഭാഷകര്‍ പങ്കെടുക്കും. അഞ്ച് വേദികളിലായി അമ്പതിലധികം സെഷനുകളുണ്ടാകും. അന്താരാഷ്ട്ര പ്രശസ്തരായ എഴുത്തുകാരും ചിന്തകരും പങ്കെടുക്കും. വെനിസ്വേലന്‍ എഴുത്തുകാരന്‍ ഫെര്‍ണാണ്ടോ ബയേസ് (എernando Ba’es), ജര്‍മന്‍  തത്വചിന്തകന്‍ വില്ഹം സ്മിത് (Wilhelm Schmid), സെര്‍ബിയന്‍ നോവലിസ്റ്റ് വ്‌ളാദ്മിര്‍ പിസ്റ്റാലോ, തസ്ലിമ നസ്രിന്‍, ഗുല്‍സാര്‍, ടി എം കൃഷ്ണ, സല്‍മ, ചന്ദ്രശേഖര്‍ കമ്പര്‍, ബഷ്രീത് പീര്‍, കിരണ്‍ നാഗര്‍കര്‍, ചരിത്രകാരന്‍ എ ആര്‍ വെങ്കിടാചലപതി, മീനാക്ഷി റഡ്ഡി മാധവന്‍ തുടങ്ങിയര്‍ പങ്കെടുക്കുന്ന എഴുത്തുകാരില്‍ ചിലരാണ്.
മറൈന്‍ ഡ്രൈവിലെ പുസ്തകമേളയില്‍ ലോകത്തിലെ പ്രമുഖ പ്രസാധകരടക്കം നൂറിലധികം പേര്‍ പങ്കെടുക്കും.  ചെറുകിടപ്രസാധകര്‍ക്കും തുല്യഅവസരം ലഭിക്കും.
മേളയുടെ ഭാഗമായി കുട്ടികളുടെ വായന മെച്ചപ്പെടുത്താന്‍ ബുക്ക് കൂപ്പണ്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ട്.  സ്‌കൂളുകള്‍ വഴി കുട്ടികള്‍ക്ക് നിശ്ചിത തുകയുടെ കൂപ്പണ്‍ വിതരണം ചെയ്യുകയും മേളയില്‍ കൂപ്പണ്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് പുസ്തകം കൈപ്പറ്റാന്‍ അവസരം നല്കുകയും ചെയ്യുന്നതാണ് പദ്ധതി. ഇതിനായി ഒരുകോടിയോളം രൂപ വ്യക്തികളില്‍ നിന്നും ക്രൗഡ് ഫണ്ടിങ് മുഖേനയും സ്വരൂപിക്കും. 1500- ഓളം ഡെലിഗേറ്റുകളെ മേളയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നു. പ്രതിനിധി രജിസ്റ്റ്രേഷന്‍ ജനുവരി ഒന്നിനാരംഭിക്കും.  ഡെലിഗേറ്റുകള്‍ക്കു പുറമെ പൊതുജനത്തിനും മേളയില്‍ പ്രവേശനമുണ്ടായിരിക്കും. മേളയുടെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഔട്ട്‌റീച്ച് പ്രോഗ്രാമുകളും സംഘടിപ്പിക്കും.