ജില്ലയില്‍ പുകയില വിരുദ്ധ ദിനാചരണങ്ങള്‍ വെറും ചടങ്ങായി മാറരുതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി. ഓരോരുത്തരും പുകയിലവിരുദ്ധ സന്ദേശം ഉള്‍ക്കൊണ്ട് പുകയില വിരുദ്ധ പ്രചാരകര്‍ ആകണം. പ്രായഭേദമന്യേ മുഴുവന്‍ ജനങ്ങളും പുകയിലക്കെതിരെ പടപൊരുതണമെന്നും അദ്ദേഹം പറഞ്ഞു. ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പ്, എക്‌സൈസ്, പോലീസ് വകുപ്പുകള്‍, പ്രതീക്ഷ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പുകയിലയും ശ്വാസകോശ ആരോഗ്യവും’ എന്നതാണ് ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനത്തിന്റെ വിഷയം.കെ.പികേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ സാംബശിവറാവു മുഖ്യാതിഥിയായി . പുകയിലക്കെതിരെ വിദ്യാര്‍ത്ഥികളില്‍ നിന്നും മികച്ച മാതൃകകള്‍ ഉണ്ടാവണം, ഇതിനായി വിദ്യാര്‍ത്ഥി പങ്കാളിത്തത്തോടെ ക്വിറ്റ് ടു കെയര്‍ എന്ന പേരില്‍ ജില്ലയില്‍ ക്യാമ്പയിന്‍ നടത്തും. 90 ശതമാനം ആളുകളെയും പുകവലിയില്‍നിന്ന് വിമുക്തരാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ക്വിറ്റ് ടു കെയര്‍ ക്യാമ്പയിനില്‍ പുകയില ഒഴിവാക്കുന്നതിലൂടെ പ്രിയപ്പെട്ടവര്‍ക്ക് കരുതല്‍ നല്‍കുക എന്ന സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഡീഷണല്‍ ഡി.എം.ഒ ഡോ ആശാദേവി അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ പോസ്റ്റര്‍ രചന മത്സരത്തില്‍ വിജയികളായ ഷാനു (ഒന്നാം സ്ഥാനം ), അമല്‍ വി (രണ്ടാം സ്ഥാനം ) ഹ്രസ്വചിത്ര മത്സരത്തിലെ വിജയികളായ ഗോകുല്‍ എസ് പ്രസാദ്, ബിനോയ് വിക്രം എന്നിവര്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കലക്ടറും ചേര്‍ന്നു നിര്‍വഹിച്ചു . പുകയിലക്കെതിരെ പ്രതീക്ഷ കാന്‍സര്‍ സെന്റര്‍ തയ്യാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ കെ വി പ്രഭാകരന്‍ നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ യൂ ആര്‍ മൈ മിറര്‍, അനു തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എ.നവീന്‍, എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാര്‍, നാര്‍ക്കോട്ടിക്ക് അസി കമ്മീഷണര്‍ കെ.വി പ്രഭാകരന്‍, ഡപ്യൂട്ടി ഡി.എം.ഒ ഡോ ശ്രികുമാര്‍ മുകുന്ദന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ മോഹന്‍ദാസ്, ഡോ ലതിക, എം.പി മണി, കെ.ടി മോഹനന്‍ എന്നിവര്‍ സംസാരിച്ചു .