പച്ചപ്പ് പദ്ധതിയുടെ ഭാഗമായി വീട്ടുക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ മഴക്കാല പച്ചക്കറികൃഷി തുടങ്ങും. ഇതിനായി വാർഡുകളിൽനിന്ന് ഓരോ റിസോഴ്‌സ് പേഴ്‌സൺമാരെ തിരഞ്ഞെടുത്ത് ജൂൺ 16, 17 തീയതികളിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷന്റെ (കില) നേതൃത്വത്തിൽ പരിശീലനം നൽകും. തുടർന്ന് ജൂൺ 31നകം പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സൺമാരുടെ സഹായത്തോടെ വീട്ടുക്കൂട്ടം, നാട്ടുകൂട്ടം എന്നിവ രൂപീകരിക്കും. പ്രാദേശിക തലത്തിൽ 10 മുതൽ 20 വരെ വീടുകൾ ചേരുന്ന കുടുംബങ്ങൾ ഉൾപ്പെടുന്നതാണ് വീട്ടുക്കൂട്ടം. ഓരോ വീട്ടുക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ അഞ്ചുസെന്റ് സ്ഥലത്താണ് മഴക്കാല പച്ചക്കറി കൃഷി തുടങ്ങുക. കൃഷിക്കാവശ്യമായ വിത്ത് കൃഷിഭവൻ വഴി ലഭ്യമാക്കും.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുഴകളുടേയും നീർച്ചാലുകളുടേയും സംരക്ഷണത്തിന്റെ ഭാഗമായി പുഴയോരങ്ങളിൽ മുളതൈകൾ വെച്ചുപിടിപ്പിക്കും. വൈത്തിരി താലൂക്കിൽ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിക്കും. ആവശ്യമായ മുള തൈകൾ സാമൂഹിക വനവൽക്കരണ വിഭാഗം ലഭ്യമാക്കും. ആഗസ്റ്റ് 15ഓടെ ജില്ലയിലെ പുഴയോരങ്ങളിൽ പൂർണമായും മുള തൈകൾ വച്ചുപിടിപ്പിക്കും. അവയുടെ സംരക്ഷണത്തിനായി പുഴയുടെ ഒരുകിലോ മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരെ ഉൾപ്പെടുത്തി പുഴയോരക്കൂട്ടങ്ങൾ രൂപീകരിക്കും.
കലാലയങ്ങൾ, ആദിവാസി കോളനികൾ എന്നിവ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസുകൾ നടത്തും. ജൂൺ എട്ടിന് കൽപ്പറ്റ ടൗൺ ഹാളിൽ ജില്ലയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പത്താംക്ലാസ്, പ്ലസ്ടു വിദ്യാർഥികളേയും നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളേയും ആദരിക്കും. മരതൈകളും പുസ്തകവും നൽകിയാണ് വിദ്യാർഥികളെ ആദരിക്കുക. ജൂൺ 16ന് കൽപ്പറ്റ ടൗൺ ഹാളിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് സന്നദ്ധരായവർക്കായി എകദിന പരിശീലന ക്ലാസ് നടത്തും. കൂടാതെ അംഗവൈകല്യമുള്ളവർക്കും മാനസിക രോഗമുള്ളവർക്കുമായി പ്രത്യേക മെഡിക്കൽ ബോർഡ് സിറ്റിങും നടത്തും. കളക്ടറേറ്റിലെ എപിജെ ഹാളിൽ നടന്ന പച്ചപ്പ് പദ്ധതിയുടെ നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ സി കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി നാസർ, പച്ചപ്പ് കോ-ഓഡിനേറ്റർ കെ ശിവദാസൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.