ജനങ്ങളുടെ പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിന് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ഊർജിത ശ്രമങ്ങൾ സർക്കാർ നടപ്പിലാക്കി വരുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാന ഭക്ഷ്യസുരക്ഷാ വാരാചരണം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ സന്ദേശ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യസുരക്ഷ പൗരന്റെ കടമയാണെന്നുള്ള ഈ വർഷത്തെ ഐക്യരാഷ്ട്ര സഭയുടെ സന്ദേശം തികച്ചും അർത്ഥവത്താണ്. പൊതുജനങ്ങളും വ്യാപാരികളും സന്നദ്ധസംഘടനകളും പൊതുപ്രവർത്തകരും മാധ്യമസുഹൃത്തുക്കളും ഒന്നിച്ച് ഈ രംഗത്ത് പ്രവർത്തിക്കേണ്ടതുണ്ട്. മറ്റേതു സംസ്ഥാനത്തെക്കാളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവർത്തനം കേരളത്തിൽ കുറ്റമറ്റതാണ്. പുതുതായി 90 ലധികം ഭക്ഷ്യസുരക്ഷാ ഓഫീസർമാർക്ക് പരിശീലനം നൽകി നിയമിച്ചു. ഭക്ഷ്യസുരക്ഷാ ലാബുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി എൻ.എ.ബി.എൽ. അംഗീകാരം നേടി. ഇനിയും തുടർനടപടികൾ ഉണ്ടാകണമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഡോ. രത്തൽ ഖേൽക്കർ, ജോയിന്റ് കമ്മീഷണർമാരായ അനിൽകുമാർ, മിനി, ഡെപ്യൂട്ടി ഡയറക്ടർ മോനി, സി.ജി.എ. തങ്കച്ചൻ, ഫിനാൻസ് ഓഫീസർ ജയകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സാബു, അസി. ഭക്ഷ്യസുരക്ഷാ കമ്മീഷണർ ദിലീപ് എന്നിവർ പങ്കെടുത്തു.
കവടിയാർ സ്‌ക്വയറിൽ നിന്ന് ആരംഭിച്ച് പാളയം യൂണിവേഴ്സിറ്റി കോളേജിന് സമീപം അവസാനിച്ച സൈക്കിൾ റാലിയിൽ കാര്യവട്ടം എൽ.എൻ.സി.പിയിലെ സൈക്ലിസ്റ്റുകളും പരിശീലകരും ഉൾപ്പെടെ അമ്പതോളം പേർ അണിനിരന്നു. ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ, ഭക്ഷ്യസുരക്ഷാ ജീവനക്കാർ എന്നിവരും പങ്കെടുത്തു.