കൊച്ചി: ഭവനരഹിതർക്ക് വീട് ഒരുക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻറെ ലൈഫ് മിഷൻ പദ്ധതിയിൽ വൻ നേട്ടം കൈവരിച്ച് എറണാകുളം ജില്ല. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 2210 വീടുകളാണ് ഇതുവരെ പൂർത്തിയായത്. ഈ വീടുകളുടെ താക്കോൽദാനം ജൂൺ 6 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പറവൂർ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.

സ്വന്തമായി ഭൂമിയുള്ള 6236 ഭവന രഹിതരെയാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തിരുന്നത്. ഇതിൽ 5320 കുടുംബങ്ങളുടെ നിർമാണം ആരംഭിച്ച ഭവനങ്ങളിൽ 2210 എണ്ണമാണ് ഇതിനകം പൂർത്തീകരിച്ചത്. ഭവന നിർമാണത്തിനുള്ള ധനസഹായമായി 224.79 കോടി രൂപ ഗുണഭോക്താക്കൾക്ക് നൽകി. ഇതിൽ 75.79 കോടി രൂപ ഹഡ്കോ വായ്പയും ബാക്കി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവുമാണ്.

2017-18 ൽ ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടം ജില്ലയിൽ 99 ശതമാനം ലക്ഷ്യം കണ്ടതിന് പിന്നാലെയാണ് രണ്ടാം ഘട്ടത്തിലെ ഈ മുന്നേറ്റം. മുൻകാല പദ്ധതികളിൽ പൂർത്തിയാകാതിരുന്ന 1067 വീടുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെട്ടത്. ഇതിൽ 1056 വീടുകളും പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. 24.5 കോടി രൂപയാണ് ഒന്നാം ഘട്ടത്തിൽ ചെലവഴിച്ചത്.

സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് ഭവനമൊരുക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനും ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ട്. അപ്പാർട്ട്മെന്റ് മാതൃകയിൽ ലൈഫ് ടവറുകൾ നിർമിക്കുന്നതിന് 21 ഇടങ്ങളിലായി 4388 സെൻറ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ തോപ്പുംപടി, ഏലൂർ, കൂത്താട്ടുകുളം, കാക്കനാട്, കരുമാല്ലൂർ, അയ്യമ്പുഴ എന്നിവിടങ്ങളിൽ ഈ വർഷം തന്നെ ടവർ നിർമാണം തുടങ്ങും.

മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ തൊഴിൽദായക സംരംഭങ്ങൾ എന്നിവയുമായി സമന്വയിപ്പിച്ചാണ് ജില്ലയിൽ ലൈഫ് മിഷന്റെ കുതിപ്പ്. ലൈഫ് ഗുണഭോക്താക്കൾക്ക് തൊഴിലുറപ്പ് പദ്ധതിയിൽ 5593 തൊഴിൽ കാർഡുകൾ നൽകി. ഇതിലൂടെ 235562 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനായി. നിർമാണത്തിനാവശ്യമായ കട്ടകൾ നിർമിക്കുന്നതിന് 205 യൂണിറ്റുകൾ ആരംഭിച്ചു. 678000 കട്ടകളാണ് ഈ യൂണിറ്റുകൾ ഉൽപാദിപ്പിച്ചത്.

കുടുംബശ്രീയുടെ കുടക്കീഴിൽ 31 നിർമാണ യൂണിറ്റുകളും ജില്ലയിൽ പ്രവർത്തിക്കുന്നു. 20 വീടുകളുടെ നിർമാണം ഏറ്റെടുത്തതിൽ 14 എണ്ണം പൂർത്തിയായി. ആറ് വീടുകൾ നിർമാണത്തിലാണ്.

ഭവന നിർമാണത്തിന് സാങ്കേതിക സഹായം നൽകുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും പറവൂർ, ആലങ്ങാട്, പാറക്കടവ് എന്നിവിടങ്ങളിൽ ലൈഫ് കൺസ്ട്രക്ഷൻ ഫസിലിറ്റി ഹബ്ബുകളും ആരംഭിച്ചിട്ടുണ്ട്.