എടയ്ക്കാട്ടുവയൽ: കാലത്തിനൊത്ത മാറ്റങ്ങളുമായി അറിവിന്റെ ആദ്യാക്ഷരം പകരാൻ ഒരുങ്ങി കൈപ്പട്ടൂർ ലോവർ പ്രൈമറി സ്കൂൾ. ഒൻപത് പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള വിദ്യാലയത്തെ ആധുനിക സൗകര്യങ്ങളോടെ പുനരുദ്ധരിച്ചത് സ്കൂൾ വികസനസമിതിയുടെ അക്ഷീണ പ്രയത്നത്താലാണ്. പൊതുവിദ്യാഭ്യാസ സംവിധാനം നാടിന് അനിവാര്യമാണെന്ന ഉത്തമ ബോധ്യമുള്ള പൊതുസമൂഹം വികസന സമിതിയുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നു.
ഏതൊരു സ്വകാര്യ വിദ്യാലയത്തോടും കിടപിടിക്കുന്ന രീതിയിലുള്ള ഹൈടെക് ക്ലാസ് മുറികൾ, കിഡ്സ് പാർക്ക് എന്നിവ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. മികച്ച അധ്യാപനം ഉറപ്പാക്കുന്നതിന് പുറമേ വാഹന സൗകര്യവും പ്രഭാത ഭക്ഷണം ഉച്ച ഭക്ഷണം എന്നീ സൗകര്യങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനകരമാണ്. സൗജന്യ പഠനോപകരണങ്ങളും യൂണിഫോമും സ്കൂൾ വികസന സമിതി കുട്ടികൾക്ക് ഉറപ്പാക്കുന്നു.
പാഠ്യേതര വിഷയങ്ങളിലും കുട്ടികൾക്ക് മികച്ച പരിശീലനമാണ് ഇവിടെ ലഭ്യമാക്കുന്നത്. വ്യക്തിത്വ വികസന ക്ലാസുകൾ, പ്രസംഗ പരിശീലനം, ശാസ്ത്ര അവബോധ ക്ലാസുകൾ, സാഹിത്യ പരിശീലന ക്ലാസുകൾ എന്നിവ കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വിധമാണ് നടത്തി വരുന്നത്. കുട്ടികൾക്കുള്ള കൗൺസിലിംഗ് ക്ലാസുകൾക്ക് പുറമേ രക്ഷകർത്താക്കൾക്കുള്ള ബോധവത്കരണ ക്ലാസുകളും വിദ്യാലയം കേന്ദ്രീകരിച്ച് നടത്തുന്നു. കുട്ടികൾക്ക് ഉപകരിക്കുന്ന തരത്തിൽ പ്രത്യേകം സജ്ജീകരിച്ച ലൈബ്രറിയും മുതൽക്കൂട്ടാണ്. 18 ലക്ഷം രൂപ ചെലവിലാണ് സ്കൂൾ വികസന സമിതി നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചത്.
ഘട്ടം ഘട്ടമായി പൊതുവിദ്യാലയങ്ങളെ നവീകരിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് എം.എൽ.എ അനൂപ് ജേക്കബ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പിറവം ഹയർ സെക്കന്ററി സ്കൂൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു. നവീകരിച്ച കൈപ്പട്ടൂർ എൽ .പി സ്കൂൾ കെട്ടിടത്തിന്റെ സമർപ്പണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി പീറ്ററിന്റെ അദ്ധ്യക്ഷതയിൽ നടന്ന .ചടങ്ങിൽ സ്കൂൾ പാർക്കിന്റെ ഉദ്ഘാടനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മാധവൻ നിർവ്വഹിച്ചു. സ്മാർട്ട് ക്ലാസ് റൂo ജില്ലാ പഞ്ചായത്ത് അംഗം എ.പി. സുഭാഷ് ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ കിഡ്സ് പാർക്ക് നിർമ്മാണത്തിനും ഫർണീച്ചറുകൾക്കുമായി രണ്ട് ലക്ഷം രൂപ സംഭാവന നൽകിയ ജിയോ തോമസിനുള്ള ഉപഹാര സമർപ്പണം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവ് ശ്രീധരൻ, എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് അംഗം അനീഷ് മോഹൻ എന്നിവർ നിർവ്വഹിച്ചു. പ്രധാന അധ്യാപിക എസ്.ജി. ശോഭന, പി.ടി.എ പ്രസിഡൻറ് സതീഷ് എം.ആർ, സ്കൂൾ വികസന സമിതി ചെയർമാൻ എ.എൻ സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
ക്യാപ്ഷൻ
നവീകരിച്ച കൈപ്പട്ടൂർ എൽ .പി സ്കൂൾ കെട്ടിടത്തിന്റെ സമർപ്പണം എം.എൽ.എ അനൂപ് ജേക്കബ് നിർവ്വഹിക്കുന്നു.