സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാനിരക്കില്‍ ഇളവ് ലഭിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനമേധാവി സാക്ഷ്യപെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ സ്റ്റുഡന്‍സ് ട്രാവല്‍സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജില്ലയിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്രാനിരക്കില്‍ ഇളവിനുള്ള കാര്‍ഡുകള്‍ മുന്‍ വര്‍ഷത്തെ രീതിയില്‍ നല്‍കുന്നതിനും കാര്‍ഡുകള്‍ ലഭിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനമേധാവി വിദ്യാര്‍ഥികളുടെ ലിസ്റ്റ് നിശ്ചിത മാതൃകയില്‍ അനുബന്ധരേഖകള്‍ സഹിതം ജൂലൈ 31നകം ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് നല്‍കാനും അംഗീകൃത ഫോമിലുള്ള കാര്‍ഡുകള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ഏത് പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ്സുകളില്‍ നിരക്ക് ഇളവിനായി സ്‌കൂള്‍ മേധാവിയുടെ ഒപ്പടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡാണ് കരുതേണ്ടത്. സര്‍ക്കാര്‍- എയ്ഡഡ് കോളേജുകളിലും സര്‍ക്കാര്‍ ഐ.ടി.ഐ.കളിലെയും ഗവ. പോളിടെക്നിക് കോളെജുകളിലെയും വിദ്യാര്‍ഥികള്‍ നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള നിശ്ചിത മാതൃകയിലുള്ള വിദ്യാഭ്യാസ സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ കാര്‍ഡുകളാണ് ഉപയോഗിക്കേണ്ടത്. അര്‍ഹരായ മറ്റെല്ലാ വിദ്യാര്‍ഥികള്‍ക്കും സ്ഥാപന മേധാവിയും അതത് ആര്‍.ടി.ഒ. /ജോയിന്റ് ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കാര്‍ഡാണ് ഹാജരാക്കേണ്ടത്. വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നിരിക്കെ കാര്‍ഡുകള്‍ ഉടനെ ലഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സ്ഥാപനമേധാവികള്‍ ശ്രദ്ധിക്കണം. വ്യാജകാര്‍ഡുകളുടെ ഉപയോഗം, കാര്‍ഡ് ദുരുപയോഗം ചെയ്യല്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണം. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അധ്യക്ഷനായി. ജോയിന്റ് ആര്‍.ടി.ഒ കെ. കെ രാജീവ്, ഡി.ഡി.ഇ പി. യു പ്രസന്നകുമാരി, ട്രാഫിക് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ടി. സി. കൃഷ്ണന്‍, ജില്ലാ ക്രൈം ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ സി. വി. രവീന്ദ്രന്‍, കോളെജ് അധ്യാപകര്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, പാരലല്‍ കോളെജ് അസോസിയേഷന്‍ പ്രതിനിധികള്‍, സ്വകാര്യ ബസ് സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
