പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യമേര്‍പ്പെടുത്തണമെന്ന് പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം. ബസുകളുടെ ഡോറുകള്‍ അടച്ച് സുരക്ഷ ഉറപ്പാക്കാന്‍ ട്രാഫിക് എസ്.ഐക്ക് കത്ത് നല്‍കും. പാലക്കാട് നഗരമധ്യത്തിലെ വിവിധ സ്‌കൂളുകള്‍ക്കടുത്ത് ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തടയുന്നതിന് പ്രത്യേക സ്‌ക്വാഡിനെ നിയമിക്കാന്‍ എക്സൈസ് വകുപ്പിനോട് ആവശ്യപ്പെടും.താലൂക്ക് പരിധിയില്‍ ലൈസന്‍സ് ഇല്ലാതെ കാറ്ററിംഗ് സര്‍വീസ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനും പിരായിരി പഞ്ചായത്ത് പരിധിയില്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന അപകടകരമായ മരക്കൊമ്പുകള്‍ മുറിച്ചു മാറ്റാന്‍ പി.ഡബ്യു.ഡി നിരത്ത് വിഭാഗത്തിനും കത്തു നല്‍കും.
സിവില്‍ സ്റ്റേഷനകത്തെ ഫ്രണ്ട്സ് ജനസേവന കേന്ദ്രം മുതല്‍ താലൂക്ക് ഓഫീസ് വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കാന്‍ പി.ഡബ്യു.ഡി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു. പെരുവെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാലക്കാട് തഹസില്‍ദാര്‍ ഇ.എന്‍.രാജു, തഹസില്‍ദാര്‍ (ഭൂരേഖ) കെ.ആനിയമ്മ വര്‍ഗീസ്, പഞ്ചായത്തംഗങ്ങള്‍, താലൂക്ക് തല ഉദ്യോഗസ്ഥര്‍, വകുപ്പ് മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
