വഴികള്‍ തടസ്സപ്പെടുത്തി കമാനങ്ങള്‍ വയ്ക്കുന്നത് അടിയന്തരമായി പരിശോധിക്കാന്‍ ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനം. ഇതിനായി റവന്യൂ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവ കൂട്ടായ പരിശോധനകള്‍ നടത്തി നടപടി സ്വീകരിക്കും. ലെക്കിടി, ശ്രീകൃഷ്ണപുരം, ചളവറ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ കുറവുകള്‍ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്ക് കത്ത് നല്‍കും. പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ എല്ലാ ബുധനാഴ്ചകളിലും ഒറ്റപ്പാലം സപ്ലൈ ഓഫീസില്‍ സ്വീകരിക്കും. റേഷന്‍ കാര്‍ഡ് സംബന്ധിച്ച് ക്രമക്കേടുകള്‍ പരിശോധിക്കാന്‍ ജില്ലാതലത്തില്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. ഒറ്റപ്പാലത്ത് ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയതായും വികസന സമിതി യോഗത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സുധാകരന്‍ അധ്യക്ഷനായ യോഗത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ അബ്ദുല്‍മജീദ്, ഗോപാല്‍, വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാസ്‌കരന്‍, കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. ടി. ഷീബ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.