ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഫലവൃക്ഷത്തൈ വിതരണം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഗ്രീൻ വോളണ്ടിയർ ഗ്രൂപ്പ് എന്ന കൃഷി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലെ സർവീസ് സംഘടനകളുടേയും നെല്ലിമൂട് കുഴിപ്പള്ളം ബൊട്ടാണിക്കൽ ഗാർഡനുമായി സഹകരിച്ചാണ് വിതരണം നടത്തിയത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി തണൽ മരങ്ങൾക്ക് പകരം ഫലവൃക്ഷത്തൈകളാണ് വിതരണം ചെയ്തത്.

ഭൂമിക്കൊരു തണലേകുക, കുടുംബത്തിന് ആശ്വാസമാകുക എന്ന നിലയ്ക്കാണ് ഈ വർഷം തണൽ മരങ്ങൾ ഒഴിവാക്കി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി. ഹണിക്ക് നൽകിയാണ് മന്ത്രി വിതരണോദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനത്തിനുശേഷം മന്ത്രി സെക്രട്ടേറിയറ്റ് വളപ്പിൽ പ്ലാവിൻതൈ നട്ടു.
ഒരുവർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങുന്നതും വിയറ്റ്‌നാം സൂപ്പർ ഏർലി, പിങ്ക് പ്ലാവ്, തായ്‌ലാന്റ് റെഡ് എന്നീ പേരുകളിലറിയപ്പെടുന്ന പ്ലാവിന്റെ ബഡ്‌തൈ, ബംഗനപ്പിള്ളി മാവ്, സപ്പോട്ട മാവ് എന്നീ പേരുകളിലറിയപ്പെടുന്ന മാവിന്റെ ഗ്രാഫ്റ്റ് തൈ, ഒരു കിലോയോളം ഭാരം വരുന്ന കിലോ പേര എന്നറിയപ്പെടുന്ന പേരയുടെ ലെയർ തൈ, വളരെ വലിപ്പമുള്ള കായ്കൾ ഉണ്ടാകുന്നതും അധികം വളരാതെ തന്നെ കായ്ക്കുന്നതും വ്യാവസായികമായി കൃഷി ചെയ്തു വരുന്നതുമായ എൻ.എ-7 എന്നയിനം നെല്ലിയുടെ ഗ്രാഫ്റ്റ് തൈ എന്നിവയാണ് വിതരണം ചെയ്തത്. ആദ്യം രജിസ്റ്റർ ചെയ്ത 500 പേർക്കാണ് 160 രൂപ നിരക്കിൽ തൈകൾ നൽകിയത്.