* പഴവങ്ങാടി ഹോർട്ടികോർപ്പ് സൂപ്പർമാർക്കറ്റ് ഇനി പുത്തരിക്കണ്ടം മൈതാനിയിൽ

റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി ഈ വർഷം എല്ലാ ജില്ലകളിലും ഹോർട്ടികോർപ്പിന്റെ കൂടുതൽ വിപണന കേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ. പുത്തരിക്കണ്ടം മൈതാനിയിൽ ആരംഭിച്ച ഹോർട്ടികോർപ്പിന്റെ പഴം പച്ചക്കറി വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കൂടുതൽ കേന്ദ്രം ആരംഭിക്കുന്നതോടെ ഹോർട്ടികോർപ്പിന് വലിയ അളവിൽ നാടൻ പച്ചക്കറികൾ സംഭരിക്കാനാകും. കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനം വർധിപ്പിക്കാനായിട്ടുണ്ട്. പൂർണമായും വിഷരഹിതമായ പച്ചക്കറി ഉല്പാദിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ വിതരണം ചെയ്യുന്ന പച്ചക്കറികളിൽ 93 ശതമാനവും സുരക്ഷിതമാണെന്നാണ് കാർഷിക സർവകലാശാല നടത്തുന്ന തുടർ പഠനത്തിൽ വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു. കീടനാശിനി പ്രയോഗവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിലവിൽ കളനാശിനികളാണ് കൂടുതലും ഉപയോഗിക്കുന്നത്. ഗ്ലൈഫോസേറ്റ് പോലുള്ള കളനാശിനി നിരോധിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. കാർഷികോല്പന്നങ്ങൾ വാങ്ങുന്ന ജനങ്ങളുടെ ആരോഗ്യസംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് കൃഷിവകുപ്പ് പച്ചക്കറി വികസന പദ്ധതി നടപ്പിലാക്കുന്നത്.  വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി ഓരോരുത്തരും കൃഷി ചെയ്യുന്നത്  സംസ്‌കാരമായി രൂപപ്പെടണം. സവാള, ഉരുളക്കിഴങ്ങ് പോലെ നമുക്ക് കൃഷി ചെയ്യാൻ പ്രയാസമായ പച്ചക്കറികളൊഴികെ ബാക്കിയുള്ളവ നാം തന്നെ കൃഷി ചെയ്യണമെന്നും മന്ത്രി പറഞ്ഞു. പഴവങ്ങാടി ഹോർട്ടികോർപ്പ് സൂപ്പർമാർക്കറ്റാണ് പുത്തരിക്കണ്ടം മൈതാനത്തേക്ക് മാറ്റിയിരിക്കുന്നത്.

പച്ചക്കറികളുടെ ആദ്യവില്പന നഗരസഭാ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ കൃഷിവകുപ്പ് ഡയറക്ടർ ഡോ. പി. കെ. ജയശ്രീക്ക് നൽകി നിർവഹിച്ചു. ഹോർട്ടികോർപ്പ് ചെയർമാൻ വിനയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ മാനേജിംഗ് ഡയറക്ടർ ബാബു തോമസ് പദ്ധതി വിശദീകരണം നടത്തി. ചെയർമാൻ സജീവ്, ജനറൽ മാനേജർ രജത.വി തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനചടങ്ങിനു ശേഷം തേനീച്ച വളർത്തൽ ബോധവല്കരണ പരിപാടിയും നടന്നു.