പിറവം: വിനോദ സഞ്ചാര വകുപ്പിന്റെ ബോട്ട് ലീഗ് മത്സര വേദികളിലൊന്നായി പിറവത്തെയും തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ടൂറിസംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ വിനോദ സഞ്ചാര രംഗത്ത് വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കുന്ന പദ്ധതിയാണ് ബോട്ട് ലീഗ്. 13 കേന്ദ്രങ്ങളിലായാണ് ലീഗ് മത്സരങ്ങൾ നടത്തുന്നത്. പുന്നമടക്കായലിൽ നടക്കുന്ന യോഗ്യത മത്സരത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒൻപത് ചുണ്ടൻ വള്ളങ്ങളാണ് ലീഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ലീഗിൽ ഉൾപ്പെടുന്നതോടെ പിറവത്ത് കോടികളുടെ വികസന പ്രവർത്തനങ്ങൾ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാഴൂർ കല്ലിടുമ്പിൽ ആറ്റുതീരം പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ധനസഹായത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പാർക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. സംസ്ഥാനത്തിന്റെ വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകാൻ കഴിഞ്ഞ മൂന്ന് വർഷത്തിൽ വിനോദ സഞ്ചാര വകുപ്പിന് സാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലേക്ക് വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ചില ശക്തികൾ വിദേശങ്ങളിൽ അടക്കം നിപ രോഗബാധയെക്കുറിച്ച് ഭീതിപരത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ജി.ഡി.പി യുടെ 10 ശതമാനം സംഭാവന നൽകുന്ന ടൂറിസം രംഗത്തെ തകർക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ഇതിന് പിന്നിൽ. ആഭ്യന്തര ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയുടെ കിഴക്കൻ മേഖലയുടെ  ടൂറിസം വികസനത്തിന് ഏറെ സഹായകരമായ പദ്ധതിയിൽ വാക്ക് വേ, കിയോസ്ക്, ബോട്ട് ജെട്ടി, പാർക്കിംഗ് സ്ഥലം ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1.50 കോടി രൂപ ചെലവിലാണ് ആറ്റുതീരം പാർക്കിന്റെ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയാക്കിയത്.

ചടങ്ങിൽ   അധ്യക്ഷത വഹിച്ച എം.എൽ.എ അനൂപ് ജേക്കബ് പദ്ധതി പ്രദേശത്തിന്റെ വികസനത്തിന് പ്രയോജനകരമാണെന്ന് പറഞ്ഞു. ഗ്രാമീണ ടൂറിസം രംഗത്ത് വലിയ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് പിറവം. ഹിൽപ്പാലസ് ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ഈ മേഖലയെ ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുളക്കുളം എസ്.വൈ.എം. യൂണിറ്റ് നടപ്പിലാക്കുന്ന സ്മാർട്ട് പിറവം പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി പിറവം ബസ്സ്റ്റാന്റ് മൈതാനിയിൽ നിന്നും പാർക്കിലേക്ക് ഹാഫ് മാരത്തൺ സംഘടിപ്പിച്ചിരുന്നു. നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ മാരത്തണിൽ പങ്കാളികളായി.

ചടങ്ങിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എസ്. വിജയകുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി. കമലമ്മ,  പിറവം നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ്, ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി, സെക്രട്ടറി സി. അനിൽകുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മെബിൻ ബേബി,  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐഷ മാധവ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരുൺ കല്ലറയ്ക്കൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിൽസ് പെരിയപുറം, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിജി സുകുമാരൻ, എന്നിവർ പ്രസംഗിച്ചു.