പരിസ്ഥിതി വാരം ആചരിച്ച് കണ്ണാടി ബഡ്‌സ് സ്‌കൂള്‍

പുത്തനുടപ്പും വര്‍ണക്കുടകളും പുസ്തകങ്ങളുമായി കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ പ്രകൃതിയിലേക്കൊരു തൈ നട്ടാണ് കണ്ണാടി ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ അധ്യയന വര്‍ഷം ആരംഭിച്ചത്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കണ്ണാടി പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ നടന്ന വൃക്ഷതൈ നടല്‍ പഞ്ചായത്തംഗം വി.കുഞ്ചപ്പന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍ സുധ അധ്യക്ഷയായി. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് സെന്ററില്‍ തൈകള്‍ നട്ടത്. ജൂണ്‍ ആദ്യവാരം പരിസ്ഥിതി വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സഹകരണ ബാങ്ക്, കുടുംബശ്രീ, പഞ്ചായത്ത് തുടങ്ങിയവയുടെ നേതൃത്വത്തില്‍ സെന്ററില്‍ തൈകള്‍ നട്ടു വരികയാണ്. ഇവ പരിപാലിക്കുന്നതിന് സെന്ററിലെ അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ആദ്യമായി രജിസ്‌ട്രേഷന്‍ ലഭിച്ച ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററാണ് കണ്ണാടിയിലേത്. 40 പേരുള്ള സെന്ററില്‍ ഒന്‍പത് കുട്ടികള്‍ എസ്.സി.ഇ.ആര്‍.ടി സിലബസാണ് പഠിക്കുന്നത്. മറ്റുള്ളവര്‍ക്ക് വൊക്കേഷണല്‍ ട്രെയിനിംഗും നല്‍കുന്നു. 2015ല്‍ ആരംഭിച്ച സെന്ററില്‍ സെറിബ്രല്‍ പള്‍സി, ഓട്ടിസം, മെന്റല്‍ റിട്ടാഡേഷന്‍ തുടങ്ങി ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന ഒമ്പത് മുതല്‍ 54 വയസ് വരെ പ്രായമുള്ളവരാണ് ഉള്ളത്. ഇവര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഒരു ടീച്ചറും സഹായിയും കേന്ദ്രത്തിലുണ്ട്.റീഹാബിലിറ്റേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ കണ്ണാടി സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് സി.വേലായുധന്‍, സി.സി.എസ് അംഗം സുവര്‍ണലത, റീഹാബിലിറ്റേഷന്‍ സെന്റര്‍ അധ്യാപിക ധന്യ, കണ്ണാടി അംഗന്‍വാടി ടീച്ചര്‍ കാര്‍ത്യായനി എന്നിവര്‍ പങ്കെടുത്തു.