പ്രളയാനന്തര പുനരധിവാസത്തിന് അടിത്തറയേകി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതിയിൽ വൈത്തിരി താലൂക്കിലെ നിർമാണം പൂർത്തിയാക്കിയ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. കൽപ്പറ്റ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ താക്കോലുകളുടെ വിതരണം നിർവഹിച്ചു. പണി പൂർത്തീകരിച്ച 14 വീടുകളാണ് ഗുണഭോക്താക്കൾക്ക് നൽകിയത്. വൈത്തിരി താലൂക്കിൽ 34 വീടുകളും മാനന്തവാടി താലൂക്കിൽ 43 വീടുകളും സുൽത്താൻ ബത്തേരി താലൂക്കിൽ 7 വീടുകളുമടക്കം ജില്ലയിൽ 84 വീടുകളാണ് കെയർ ഹോം പദ്ധതി വഴി സഹകരണ വകുപ്പ് നിർമിച്ചു നൽകുന്നത്. അഞ്ചു ലക്ഷം രൂപ ചിലവിൽ 500 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലാണ് വീടുകൾ.
വൈത്തിരി താലൂക്കിൽ 16 വീടുകൾ നേരത്തെ ഗുണഭോക്താക്കൾക്ക് നൽകിയികുന്നു. നാലു വീടുകളാണ് ഇനി പൂർത്തിയാകാനുള്ളത്. അവസാനഘട്ട പ്രവൃത്തികൾ പൂർത്തിയാക്കി ജൂൺ അവസാനത്തോടെ അവ ഗുണഭോക്താക്കൾക്ക് കൈമാറും. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ പി റഹീം ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിവിധ സഹകരണ ബാങ്ക് പ്രതിനിധികളായ കെ സുഗതൻ, കെ വി വേലായുധൻ, ഗോപിനാഥൻ, പി അബു, കെ സച്ചിദാനന്ദൻ, പത്മനാഭൻ, സുരേഷ് ബാബു, വൈത്തിരി അസിസ്റ്റന്റ് രജിസ്ട്രാർ അബ്ദുൾ റഷീദ് തിണ്ടുമ്മൽ, കെയർ ഹോം ഗുണഭോക്താക്കൾ, സഹകരണ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.