രക്ഷിതാക്കളുടെ കൈപിടിച്ച് ബാഗും കുടയുമായി അറിവിന്റെ പടിവാതിലിലെത്തിയ കുരുന്നുകൾക്ക് ആദ്യം ആകാംക്ഷയായിരുന്നു. പിന്നെ പാട്ടും കളിചിരികളുമായി അധ്യാപകരും രക്ഷാകർതൃ സമിതി അംഗങ്ങളെയും മുതിർന്ന കുട്ടികളെയും കണ്ടതോടെ നവാഗതകർക്ക് എല്ലാം പുതുമയായി. ആദ്യം കരഞ്ഞു തുടങ്ങിയവർ പതിയെ ചിരികളിലേക്കും…
ഉൽസവാന്തരീക്ഷത്തിലായിരുന്നു, കാക്കവയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാതല പ്രവേശനോൽസവം. ജില്ലയിൽ ആറായിരത്തിലധികം കുട്ടികളാണ് ഇന്നലെ മാത്രം ഒന്നാംക്ലാസിൽ പ്രവേശനം നേടിയത്. എസ്എസ്‌കെ അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ ചിട്ടയായ പ്രവർത്തനഫലമായി സർക്കാർ വിദ്യാലയങ്ങളിൽ പുതുതായി പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ. ആറാമത്തെ പ്രവൃത്തിദിവസം പൂർത്തിയാവുന്ന മുറയ്ക്ക് ചിത്രം വ്യക്തമാവും.
ജില്ലാതല പ്രവേശനോൽസവം സി.കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷതയുടെ സാംസ്‌കാരിക കേന്ദ്രങ്ങളാണ് പൊതുവിദ്യാലയങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സർക്കാർ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം രാജ്യത്തിനു മാതൃകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ മേഖലയിൽ കൂടുതൽ പണം ചെലവഴിക്കുകയെന്നതാണ് സർക്കാർ നയം. ഒട്ടേറെ സവിശേഷതകളോടു കൂടിയാണ് ഇത്തവണ അധ്യയനവർഷം ആരംഭിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒന്നാംക്ലാസ് വിദ്യാർഥികൾക്കും പ്ലസ് വൺ വിദ്യാർഥികൾക്കും ഒരുമിച്ച് പ്രവേശനോൽസവം നടക്കുന്നത്. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിവരികയാണെന്നും ആവശ്യമായ അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎയുടെ നേതൃത്വത്തിൽ നവാഗതരെ ആനയിച്ച് ഉദ്ഘാടനവേദിയിലേക്ക് പ്രവേശനോൽസവ റാലി നടത്തി. കാക്കവയൽ സ്‌കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രവേശനോൽസവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും വേദിയിൽ അരങ്ങേറി.
മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ഭരതൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് വയനാട് പ്രിൻസിപ്പൽ ഇൻ ചാർജ് കെ.എം സെബാസ്റ്റിയൻ മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. ഹയർസെക്കൻഡറി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുൽ കൃഷ്ണൻ അക്ഷരദീപം തെളിയിച്ചു. എസ്എസ്‌കെ ജില്ലാ പ്രൊജക്റ്റ് ഓഫിസർ ജി എൻ ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. മുട്ടിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ, സ്ഥിരംസമിതി അംഗം എൻ ബി ഫൈസൽ, പിടിഎ പ്രസിഡന്റ് മഹേഷ് ബാബു, ഡിഡിഇ ഇബ്രാഹിം തോണിക്കര, ഡിഇഒ ഹണി ജി അലക്‌സാണ്ടർ, സ്‌കൂൾ പ്രിൻസിപ്പൽ പ്രസന്ന തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് അടിസ്ഥാനത്തിലും പഞ്ചായത്ത്, സ്‌കൂൾ തലങ്ങളിലും പ്രവേശനോൽസവം നടന്നു. വിദ്യാഭ്യാസരംഗം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി മുഴുവൻ പ്രൈമറി സ്‌കൂളുകളിലും ഐടി ലാബ് സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. എല്ലാ സ്‌കൂളുകളിലും പാഠപുസ്തകങ്ങളും യൂനിഫോമുകളും വിതരണം ചെയ്തു. യുപിഎസ്എ, എൽപിഎസ്എ വിഭാഗങ്ങളിൽ അധ്യാപക നിയമനം പൂർത്തിയാക്കി. എൽപിഎസ്എ വിഭാഗത്തിൽ മാത്രം 140 അധ്യാപകരെയാണ് നിയമിച്ചത്.