കൊച്ചി: സർക്കാരിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ആവേശം പകർന്ന് വൈപ്പിൻ സബ്ജില്ലാ പ്രവേശനോത്സവവും
എളങ്കുന്നപ്പുഴ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവവും എളങ്കുന്നപ്പുഴ ജി.എച്ച്. എസ് സ്കൂളിൽ നടന്നു. പൊതുവിദ്യാസ സംരക്ഷണ യജ്ഞ ഭാഗമായി പൊതുവിദ്യാലയങ്ങൾ ഉണർവിന്റെ പാതയിലാണ്. വരുംകാലത്തിന്റെ പ്രത്യാശയാണ് കുട്ടികൾ. ഓരോ പൊതുവിദ്യാലയത്തിൽ വിദ്യാർത്ഥിയെയും അക്കാദമിക മികവിലേക്ക് ഉയർത്താൻ എല്ലാവരും പരിശ്രമിക്കണമെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ് ശർമ എംഎൽഎ പറഞ്ഞു.

എസ്എസ്എൽസി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ആർദ്ര എം എസിനെയും 9 വിഷയങ്ങൾക്ക് എ പ്ലസ് നേടിയ പൃഥ്വിൻ എം ജി യെയും ക്യാഷ് അവാർഡും മൊമന്റവും നൽകി എം എൽ എ ആദരിച്ചു.

കഴിഞ്ഞ വർഷത്തെ മികച്ച ഹോം ലൈബ്രറിക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടത്തി. ഏഴാംക്ലാസ് വിദ്യാർഥിനിയായ രേഷ്മ ശ്രീകുമാർ, എട്ടാം ക്ലാസ് വിദ്യാർഥിനികളായ സങ്കീർത്തന ടി എസ്, ഗൗരി കൃഷ്ണ ഇ. കെ, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അനഘ ബാബു എന്നിവർ സമ്മാനത്തിനർഹനായി. അധ്യാപകരുടെ സംഘം കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി ഹോം ലൈബ്രറികൾ വിലയിരുത്തിയാണ് സമ്മാനാർഹരെ കണ്ടെത്തിയത്. മൂന്നാം വർഷവും എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ 39 വിദ്യാർത്ഥികൾക്കും സ്കൂൾ പിടിഎ ട്രോഫി നൽകി ആദരിച്ചു . കൂടാതെ പ്ലസ്ടുവിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും എൽപി ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്ത് അംഗം റോസ് മേരി ലോറൻസ് നടത്തി.

എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാതാരം പൗളി വത്സൻ മുഖ്യാതിഥിയായിരുന്നു. ഡയറ്റ് ഫാക്കൽറ്റി മായ പ്രവേശനോത്സവ സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് രാജീവ് ആയിച്ചോത്ത്, വൈപ്പിൻ എ ഇ ഒ ദിനകരൻ, വൈപ്പിൻ ബിആർസി ബി പി ഒ മണി പി. കെ, പ്രിൻസിപ്പൽ ലീന കെ.ആർ , ഹെഡ്മിസ്ട്രസ് എൻ.കെ സീന തുടങ്ങിയവർ സംസാരിച്ചു.

വൈപ്പിൻ സബ്ജില്ലയ്ക്ക് കീഴിൽ ചെറായി ഗവ.എൽ പി ജി സ്കൂൾ, ചെറായി പി ബി ഡി എൽ പി സ്കൂൾ , നായരമ്പലം ബി വി എച്ച് സ്കൂൾ , എടവനക്കാട് എസ് പി എസ് എൽ പി സ്കൂൾ , ഞാറയ്ക്കൽ ഗവ. വി എച്ച് എസ് സ്കൂൾ എന്നിവിടങ്ങളിലും പ്രവേശനോത്സവം നടത്തി .

ഫോട്ടോ ക്യാപ്ഷൻ : വൈപ്പിൻ സബ്ജില്ലാ പ്രവേശനോത്സവം എസ്.ശർമ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.