കോതമംഗലം: മൂന്നു വശങ്ങളും വനങ്ങളാലും ഒരു വശത്ത് പുഴയാലും ചുറ്റപ്പെട്ടുകിടക്കുന്ന പ്രകൃതി മനോഹരമായ പ്രദേശമാണ് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്.
വനവും പുഴയും ജലസംഭരണികളും മലനിരകളും എല്ലാം ആകർഷണീയമായതിനാൽ വൻ തോതിൽ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഇത്തരത്തിൽ
ഗ്രാമാന്തരീക്ഷത്തിലേക്കെത്തുന്ന വിനോദ സഞ്ചാരികൾ ഉപയോഗിച്ച് വലിച്ചെറിയുന്ന അജൈവ മാലിന്യങ്ങൾ റോഡിലും പുഴയിലും വന്നടിയുന്നത് ഇവിടെ പതിവായി മാറി.
ഇതോടെയാണ് കൂട്ടായ്മയിലൂടെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മാലിന്യ നിർമ്മാർജ്ജന രംഗത്ത് പുതിയ കാൽവെപ്പ് നടത്തിയത്.
കോതമംഗലം നിയോജകമണ്ഡല തല മാലിന്യ നിർമ്മാർജ്ജന
“അരുത് വൈകരുത്” പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിൽ മാലിന്യ നിർമ്മാർജ്ജന യഞ്ജം നടന്നത്. കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കീഴിലെ മാർ ബേസിൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ നൂറുകണക്കിന് സന്നദ്ധ സേവകരുടേയും തട്ടേക്കാട് മുതൽ പൂയംകുട്ടി- മണികണ്ഠൻ ചാൽ വരെയുള്ള മുഴുവൻ നാട്ടുകാരുടേയും സഹകരണത്തോടെയാണ് പരിപാടി നടന്നത്.
സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷനും- ശുചിത്വമിഷനും നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയത്.
ജില്ലയിലെ കൂടി വെള്ളാവശ്യങ്ങൾക്കു പരിഹാരം നൽകുന്ന ഭൂതത്താൻകെട്ടു് ജലസംഭരണിയിൽ ഏറിയ ഭാഗവും കുട്ടമ്പുഴ പഞ്ചായത്തിലാണുള്ളത്. അതു കൊണ്ട് തന്നെ ഈ പ്രദേശത്ത് വീഴുന്ന മാലിന്യങ്ങൾ മൂലം ഈ ജലസംഭരണി മലിനമാകും. ഈ ദുസ്ഥിതിക്ക് പരിഹാരമായി മാറുകയാണ് പരിപാടി ലക്ഷ്യമിട്ടത്.

തട്ടേക്കാട് മുതൽ പൂയംകുട്ടി- മണികണ്ഠൻചാൽ വരെയുള്ള 18 കി.മീ റോഡും പരിസരവും കുട്ടമ്പുഴ പുഴയും മാലിന്യമുക്തമാക്കുവാൻ മാർ ബേസിൽ ഗ്രൂപ്പിൽ നിന്നും വന്ന 800 ലധികം സന്നദ്ധ സേവകരോടൊപ്പം അതത് പ്രാദേശങ്ങളിലെ ജനങ്ങളും പങ്കാളികളായി.
വൻ ജനപങ്കാളിത്തത്തോടെ നടന്ന ശുചീകരണപ്രവർത്തികൾ കട്ടമ്പുഴയിൽ ആൻറണി ജോൺ എം.എൽ.എ ഉത്ഘാടനം ചെയ്തു.
കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ലാലു,
വൈസ് പ്രസിഡന്റ് കെ.ജെ.ജോസ്, ബെന്നി ആർട്ട് ലൈൻ, സുജിത് കരുൺ, ജോസ് ജോസഫ്, അഡ്വ.ബേബി ചുണ്ടാട്ട്, ബിനോയി മണ്ണഞ്ചേരി, പഞ്ചായത്തംഗങ്ങൾ, രാഷ്ടീയ സംഘടനകളിലെ പ്രതിനിധികൾ, യുവജന സംഘടനകൾ വനം – പോലീസ് ഉദ്യേഗസ്ഥർ,
മത മേലദ്ധ്യക്ഷൻമാർ, ബാങ്ക് പ്രതിനിധികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ, കലാസാംസ്കാരിക രംഗത്തുള്ളവർ, ആരോഗ്യ വിഭാഗം ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.

അതോടൊപ്പം മാലിന്യ നിർമ്മാർജ്ജന പദ്ധതിക്ക് ഏറെ പ്രയോജനപ്പെടുംവിധം രൂപകൽപന ചെയ്തിട്ടുള്ള 4 വിഭാഗങ്ങളിലുള്ള സീറോ പൊലൂട്ടഡ് ഇലക്ട്രിക് വാഹനങ്ങളുടെ കേരളത്തിലെ ആദ്യത്തെ ലോഞ്ചിംഗും എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയുടെ ഭാഗമായി കുട്ടമ്പുഴ ഗവ സ്കൂളിലെ ഹരിതോദ്യാനത്തിൽ പച്ചപ്പിന്റെ നിലനിൽപ്പിനായി വൃക്ഷത്തൈകൾ നടുകയും ചെയ്തു.

ഫോട്ടോ അടിക്കുറിപ്പ്:

അരുത് വൈകരുത് പരിപാടിയുടെ ഭാഗമായി കുട്ടമ്പുഴയിൽ നടന്ന മാലിന്യ നിർമ്മാർജ്ജന പരിപാടികൾ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.