മൂവാറ്റുപുഴ: ചിണുങ്ങിയും ചിരിച്ചും അക്ഷരമുറ്റത്ത് എത്തിയ കരുന്നുകള്‍ക്ക് മധുരവും സമ്മാനങ്ങളും നല്‍കി വരവേറ്റതോടെ സ്‌കൂള്‍ പ്രവേശനോത്സവങ്ങള്‍ക്ക് നിറപ്പകിട്ടാര്‍ന്ന തുടക്കം.സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലയിലെ വിവിധ സ്‌കൂളുകളിലായി ആയിരകണക്കിന് വിദ്യാര്‍ഥികളാണ് ആദ്യക്ഷരം കുറിക്കാന്‍ എത്തിയത്. സ്‌കൂളുകള്‍ തലേന്ന് തന്നെ ബലൂണുകളും ബഹുവര്‍ണപേപ്പറുകളും കൊണ്ട് അലങ്കരിച്ചിരുന്നു. പേപ്പര്‍ തൊപ്പികള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി മധുരം വരെ കരുതിയിരുന്നു. കളിപ്പാട്ടങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും പുറമെ സ്‌കൂള്‍ബോള്‍, പുസ്തകങ്ങള്‍, നോട്ടുബുക്കുകള്‍, ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവയും കുരുന്നുകള്‍ക്കായി വിവിധ സംഘടനകളും ഒരുങ്ങിയിരുന്നു.സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായി മാറിയ പൊതുവിദ്യാലയങ്ങളിലേയ്ക്ക് പുതിയ അധ്യായന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്കായിരുന്നു. ഇക്കുറി മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം നിയോജക മണ്ഡലത്തിലെ ആദ്യ ഹൈടെക് സ്‌കൂളായി പ്രഖ്യാപിച്ച പേഴയ്ക്കാപ്പിള്ളി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു.എല്‍ദോ എബ്രഹാം എം.എല്‍.എ പ്രവേശനോത്സവ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തൂവല്‍ കിരീടവും മധുര പലഹാരവും നല്‍കി നവാഗതരായ കുട്ടികളെ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു.+1 കുട്ടികളുടെയും പ്രവേശനോത്സവവും ഇത്തവണത്തെ പുതുമയായിരുന്നു. മുവാറ്റുപുഴ മണ്ഡലത്തിലെ ആദ്യ ഹൈടെക്ക് വിദ്യാലയമായ പേഴക്കാപ്പിള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സര്‍ക്കാര്‍ മേഖലയില്‍ ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത്. പ്രവേശനോത്സവത്തിനൊപ്പം ഈ വര്‍ഷം വിജയോത്സവും സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ്, സ്‌ക്കോളര്‍ഷിപ്പ് നേടിയ കുട്ടികളെ വിജയോത്സവത്തോട് അനുബന്ധിച്ച് ഉപഹാരം നല്‍കി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്മിത സിജു വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ഇബ്രാഹിം സമ്മാന വിതരണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുറുമി ഉമ്മര്‍ വിജയോത്സവ ഉപഹാര സമര്‍പ്പണം നടത്തി. ബി.പി.ഒ.എന്‍. ജി രമാ വേദി സ്വാഗതം ആശംസിച്ചു.ഡി.ഇ.ഒ.പത്മകുമാരി. ഇ, വാര്‍ഡ് മെമ്പര്‍മാരായ വി.എച്ച്.ഷെഫീഖ്, ആമിന മുഹമ്മദ്,എ.ഇ.ഒ വിജയ.ആര്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് ടി.ബി.സന്തോഷ്, പി.ടി.എ പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാ മറ്റം, ഹെഡ്മിസ്ട്രസ് എ.കെ.നിര്‍മ്മല, സി.എന്‍ കുഞ്ഞുമോള്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാതല പ്രവേശനോത്സവം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.