മഴ കനക്കുന്ന സാഹചര്യത്തില്‍ വൈദ്യുത ഉപകരണങ്ങള്‍ തകരാറിലാവാനും മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനും പോസ്റ്റുകളും തകരാന്‍ സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത നിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്ന് കെ.എസ്.ഇ.ബി ചീഫ് സേഫ്റ്റി കമ്മീഷണര്‍ ആര്‍.സുകു അറിയിച്ചു.
-ശക്തമായ കാറ്റിലും മഴയിലും വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ വീണു കമ്പികള്‍ താഴ്ന്നു കിടക്കാനും പോസ്റ്റുകള്‍ ഒടിയാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങള്‍, മറ്റു വൈദ്യുത അപകടങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ അടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസില്‍ അറിയിക്കുകയോ സുരക്ഷാ എമര്‍ജന്‍സി നമ്പറായ 9496061061 വിളിച്ച് അറിയിക്കുകയോ ചെയ്യണം.
-വൈദ്യുതി ലൈന്‍, സര്‍വീസ് വയര്‍ എന്നിവ പൊട്ടി വീണു കിടക്കുന്നത് കണ്ടാല്‍ യാതൊരു കാരണവശാലും സ്പര്‍ശിക്കരുത്. ബന്ധപ്പെട്ട കെ.എസ്.ഇ.ബി ഓഫീസില്‍ അറിയിച്ച് ലൈന്‍ സര്‍വീസ് വയര്‍ ഓഫ് ചെയ്തെന്ന് ഉറപ്പു വരുത്തേണ്ടതാണ്്. ജനറേറ്റര്‍, ഇന്‍വെര്‍ട്ടര്‍ വഴിയുള്ള വൈദ്യുതിയും കടന്നുവരാം.
-ഇടിമിന്നല്‍ ഉള്ളപ്പോള്‍ വൈദ്യുതി സംബന്ധമായ ജോലികള്‍ ഒഴിവാക്കി സുരക്ഷിതമായ സ്ഥാനത്തേക്ക് മാറി നില്‍ക്കണം.
-ഇടി മിന്നല്‍ ഉള്ളപ്പോള്‍ ടിവി, കമ്പ്യൂട്ടര്‍, മിക്സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഹീറ്റര്‍ തുടങ്ങിയവ ഉപയോഗിക്കരുത്. പ്ലഗില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍ ഊരിയിടണം.
-വൈദ്യുതി പോസ്റ്റുകളിലും സ്റ്റേകളിലും കന്നുകാലികളെയോ തുണികള്‍ വിരിക്കാനുള്ള അയയോ കെട്ടരുത്.
-വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹ വസ്തുക്കള്‍ കൊണ്ടുള്ള തോട്ടികള്‍, ഏണികള്‍ എന്നിവ ഉപയോഗിക്കരുത്.
– ലൈനിലേക്ക് ചാഞ്ഞു നില്‍ക്കുന്നതും വീഴാറായതുമായ മരങ്ങളും മരച്ചില്ലകളും വെട്ടി മാറ്റുന്നതിനും വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ടും വൈദ്യുതിബോര്‍ഡ് ഉദ്യോഗസ്ഥരുമായി സഹകരിക്കണം.
വെള്ളക്കെട്ടിലെ വൈദ്യുതാഘാതത്തിനെതിരേ ഫയര്‍ഫോഴ്സിന്റെയും ജാഗ്രതാ നിര്‍ദേശം
മഴ കനക്കുന്ന സാഹചര്യത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് വൈദ്യുതാഘാതത്തിനുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഫയര്‍ഫോഴ്സ് മേധാവി അരുണ്‍ ഭാസ്‌കര്‍ അറിയിച്ചു.
-വെള്ളകെട്ടിലൂടെയും ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് സമീപത്ത് കൂടിയും നടന്നു പോകുന്നത് ഒഴിവാക്കണം. വൈദ്യുത കമ്പികള്‍ പൊട്ടി വീണുകിടക്കുന്ന സ്ഥലങ്ങളിലൂടെ ഒരു കാരണവശാലും പോകരുത്.
– ശക്തമായ മഴയും വലിയ വെള്ളക്കെട്ടുകളും ഉണ്ടാകുന്ന സ്ഥലങ്ങളിലെ വൈദ്യുതി മെയിന്‍ കണക്ഷനും ഗ്യാസ് മെയിന്‍ കണക്ഷനും ഓഫ് ചെയ്യണം.
-വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്വീവേജ്, ലൈനുകള്‍, ഗട്ടറുകള്‍ എന്നിവിടങ്ങളില്‍ നിന്നും മാറി സഞ്ചരിക്കണം.
-കേടായ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കരുത്.