പാലുല്പാദനത്തില്‍ ആദ്യ മൂന്നിലൊന്നായി മാറാനുളള ഭൗതിക സാഹചര്യങ്ങള്‍ കോട്ടയം ജില്ലക്കുണ്ടെന്നും ഒരു മുന്നേറ്റം ആവശ്യമാണെന്നും ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ രാജു. കോട്ടയം ജില്ലാ ക്ഷീര കര്‍ഷക സംഗമം ചീപ്പുങ്കല്‍ ഇ. ചന്ദ്രശേഖരന്‍നായര്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ക്ഷീരഗ്രാമവും വിവിധ പദ്ധതികളിലായി 5000 പശുക്കളെയും മൂന്ന് ബ്ലോക്കുകളില്‍ ക്ഷീരസോണുകളും അനുവദിച്ചത് ഇതിനുളള പ്രോത്സാഹനമായാണ്. ക്ഷീരവികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷമായപ്പോള്‍ സംസ്ഥാനത്തെ മൊത്തം പാലുല്പാദനത്തില്‍ 17 ശതമാനം വര്‍ദ്ധനവാണുണ്ടായത്. അടുത്ത വര്‍ഷത്തോടെ ക്ഷീരമേഖലയില്‍ സ്വയംപര്യാപ്ത കൈവരിക്കുവാന്‍ കഴിയുമാറുളള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കന്നുകുട്ടി പരിപാലന പദ്ധതി വഴി പരമാവധി കിടാരികളെ നല്ല പശുക്കളാക്കി മാറ്റുകയാണ് ലക്ഷ്യം. പദ്ധതി വഴി തീറ്റക്കുവേണ്ടി ചെലവാക്കുന്നതില്‍ പകുതി തുക വകുപ്പ് തന്നെ നല്‍കും. ആത്മവിശ്വാസത്തോടെ ഈ മേഖലയില്‍ നില്‍ക്കുവാന്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. കാര്‍ഷിക കടാശ്വാസത്തിലും കര്‍ഷകര്‍ക്കുളള മറ്റാനുകൂല്യങ്ങളിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജപ്തി നേരിട്ട ക്ഷീരകര്‍ഷകര്‍ക്ക് കടാശ്വാസമായി ഒരു ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു. ഈ തുക അപര്യാപ്തമാണെന്ന സാഹചര്യമുണ്ടെങ്കില്‍ പോലും ക്ഷീരകര്‍ഷകര്‍ക്ക് ഒരു ആശ്വാസം നല്‍കുവാന്‍ കഴിഞ്ഞു. ചീപ്പുങ്കല്‍ ക്ഷീര സംഘം കെട്ടിട ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു. അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സി. കെ ആശ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, മെമ്പര്‍മാരായ പി. സുഗതന്‍, അഡ്വ. കെ കെ രഞ്ജിത്, മഹേഷ് ചന്ദ്രന്‍, ജയേഷ് മോഹന്‍, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ചെയര്‍മാന്‍ അഡ്വ. എന്‍. രാജന്‍, എറണാകുളം മേഖലാ ക്ഷീരോല്പാദക യൂണിയന്‍ ചെയര്‍മാന്‍ പി.എ ബാലന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി. കെ അനി കുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീപ്പുങ്കല്‍ ക്ഷീര സംഘം പ്രസിഡന്റ് കെ. എന്‍ കൊച്ചുമോന്‍ സ്വാഗതവും ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടര്‍ പി.ഇ ഷീല നന്ദിയും പറഞ്ഞു.

ക്ഷേമനിധി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗീത എസ്സിന്റെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷക ക്ഷേമനിധി അദാലത്ത് നടന്നു. ക്ഷീരകര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ സംബന്ധിച്ച് പരാതികളും സംശയദുരീകരണവും നടത്തി. ചടങ്ങില്‍ കോട്ടയം ജില്ലയിലെ മികച്ച ക്ഷീരകര്‍കരേയും ക്ഷീരസംഘങ്ങളേയും ആദരിക്കുകയും കന്നുകാലി പ്രദര്‍ശന മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.