പ്രകൃതിയും ഭൂമിയും മണ്ണും സംരക്ഷിക്കപ്പെടണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നവകേരള മിഷനിലൂടെ നടപ്പാക്കപ്പെടുമ്പോള്‍ പാല്‍, മുട്ട എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്നതും ലക്ഷ്യമിടുന്നുവെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പുമന്ത്രി അഡ്വ. കെ രാജു. മൃഗസംരക്ഷണവകുപ്പിന്റെ 2017-18 വര്‍ഷത്തെ മാതൃകാ പഞ്ചായത്ത് വികസനപദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട വൈക്കം മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിനെ മാതൃകാഗ്രാമമായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. മുട്ടയുടെ ഉത്പാദനം 20 ശതമാനവും ഇറച്ചിക്കോഴിയുടേത് 40 ശതമാനവുമെന്ന ഇപ്പോഴത്തെ നിലയില്‍ നിന്നും നമ്മുടെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമാകുംവിധമുളള ഉത്പാദനം ഈ മേഖലകളില്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷമയമായ പാലും ഹോര്‍മോണ്‍ കുത്തിവെച്ച ഇറച്ചിയും ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുവാന്‍ ഓരോരുത്തരും തയ്യാറാകണം. വീടുകളില്‍ പശു, കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമായ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുളളത്. അടുത്ത ഒരു വര്‍ഷം കൊണ്ട് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇറച്ചിക്കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബശ്രീയുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. ഒരു ദിവസം പ്രായമുളള ആയിരം കോഴിക്കുഞ്ഞുങ്ങളെ ഒരു കുടുംബശ്രീ യൂണിറ്റിനു നല്‍കി 45 ദിവസം വളര്‍ത്തിയതിനുശേഷം കിലോക്ക് 68 രൂപ നല്‍കി പൗള്‍ട്രി ഡെവലപ്മെന്റ് ബോര്‍ഡ് തന്നെ തിരിച്ചെടുക്കുന്നതാണ് പദ്ധതി. കേരളത്തിലാകെ ഇത്തരത്തില്‍ 5000 യൂണിറ്റുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അതുപോലെ 1000 സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതം നല്‍കുന്ന പദ്ധതിയും മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്നു. ഇത്തരത്തിലുളള പദ്ധതികളെല്ലാം തന്നെ ഈ മേഖലയെ സ്വയംപര്യാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടുളളതാണ്. മാതൃകാഗ്രാമം പദ്ധതി വിഹിതമായി 5 ലക്ഷം രൂപയാണ് മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിന് ലഭിക്കുന്നത്. എന്നാല്‍ മാതൃകാഗ്രാമം പദ്ധതി നടപ്പാക്കുമ്പോള്‍ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ആഭിമുഖ്യത്തില്‍ 2,04,61,500/-(രണ്ടുകോടി നാലുലക്ഷത്തി അറുപത്തിയോരായിരത്തി അഞ്ഞൂറ്) രൂപയാണ് ആകെ വിഹിതമാകുന്നത്. മറവന്‍തുരുത്ത് എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന ചടങ്ങില്‍ സി കെ ആശ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സുഗതന്‍, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ബി രമ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍.ശശി പദ്ധതി വിശദീകരണം നടത്തി. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടന്‍ സ്വാഗതവും വെറ്ററിനറി സര്‍ജന്‍ ഡോ.ബി.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.