ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി, മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കൊല്ലത്ത് സംഘടിപ്പിച്ച മണ്‍സൂണ്‍ മാരത്തണിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 18000 ല്‍ അധികം മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഇത് സര്‍വകാല റെക്കോര്‍ഡാണ്, എക്‌സൈസ് വകുപ്പും പോലീസും എന്‍ഫോഴ്‌സ്‌മെന്റും  ശക്തിപ്പെടുത്തിയതിന്റെ  ഫലംകൂടിയാണിത്.
എംഡിഎംഎ, ഹഷീഷ് ഓയില്‍, ഹഷീഷ്, മയക്കുമരുന്ന് ഗുളികകള്‍ തുടങ്ങി എഴുന്നൂറോളം കോടിരൂപയുടെ ലഹരിപദാര്‍ഥങ്ങള്‍  എക്‌സൈസ് പിടിച്ചെടുത്തു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ എം ഡി എം എ എന്ന മാരക മയക്കുമരുന്ന് വേട്ടയും കഴിഞ്ഞ സെപ്റ്റംബറില്‍ എറണാകുളത്ത് നടന്നു. തിരുവനന്തപുരത്തും 11 കോടിയുടെ വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തുവെന്നും മന്ത്രി പറഞ്ഞു. ലഹരി ഉപയോഗം സൃഷ്ടിക്കുന്ന മാരക വിപത്ത് നേരിടാന്‍ എക്‌സൈസ് വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ലഹരിക്കെതിരെ സമൂഹത്തിന്റെയാകെ ശക്തമായ ഇടപെടല്‍ അനിവാര്യമായി മാറിയ സാഹചര്യമാണ് നിലവില്‍ നാം അഭിമുഖീകരിക്കുന്നതെ ന്നും മന്ത്രി ഓര്‍മിപ്പിച്ചു.
എല്ലാ ജില്ലകളിലും എക്‌സൈസ് ടവറുകള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കല്‍, വയര്‍ലെസ് സംവിധാനം, പുതിയ സര്‍ക്കിള്‍ ഓഫീസ് രൂപീകരണം, കൂടുതല്‍ ഉദ്യോഗസ്ഥ തസ്തികകള്‍ സൃഷ്ടില്‍ തുടങ്ങി വകുപ്പിന്റെ സേവനം കൂടുതല്‍ കാര്യമവും ജനകീയവും ആക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടത്താന്‍ സാധിച്ചത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

ലഹരി മാഫിയയുടെ വേരറുക്കാന്‍ സ്‌കൂള്‍- കോളേജ് തലങ്ങളില്‍ ലഹരിവിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും പൊതു സമൂഹം ഒറ്റക്കെട്ടായി കൈകോര്‍ത്താല്‍ ലഹരി മാഫിയയെ നിഷ്പ്രയാസം തുരത്താമെന്നും ലഹരി വര്‍ജനത്തിലൂടെ ലഹരി മുക്ത കേരളം യാഥാര്‍ഥ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി കെ രാജു അധ്യക്ഷത വഹിച്ചു.