കാക്കനാട്: നന്മയുടെ കൈയ്യൊപ്പുമായി കളക്ടറുടെ പദ്ധതികൾ. ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫിറുള്ള മുൻ കൈയ്യെടുത്ത് ജില്ലയിൽ നടപ്പാക്കിയ മൂന്ന് പദ്ധതികളുടെ അവലോകന യോഗമാണ് നന്മയുടെ നേർസാക്ഷ്യമായി മാറിയത്. അതിഥി തൊഴിലാളികളുടെ മക്കൾക്കായുള്ള റോഷ്നി, നിർധന വിദ്യാർത്ഥികൾക്കായുള്ള പുതുയുഗം, വിശക്കുന്നവർക്കായുള്ള നുമ്മ ഊണ് പദ്ധതി എന്നിവയുടെ അവലോകന യോഗമാണ് കളക്ട്രേറ്റിലെ സ്പാർക്ക് ഹാളിൽ നടന്നത്. 4 സ്കൂളുകളിൽ 120 കുട്ടികളുമായി ആരംഭിച്ച റോഷ്നി പദ്ധതി നിലവിൽ 40 സ്കൂളുകളിലായി 1300 വിദ്യാർത്ഥികളിലേക്ക് വ്യാപിച്ചതിന് പിന്നിൽ കളക്ടറുടെ പ്രത്യേക താൽപര്യമായിരുന്നുവെന്ന് പദ്ധതികളുടെ ജില്ലാ ജനറൽ കോർഡിറ്റേറും മുൻ എ.ഡി.എമ്മുമായ സി.കെ പ്രകാശ് യോഗത്തിൽ പറഞ്ഞു. രണ്ട് സ്ഥലങ്ങളിൽ 80 കൂപ്പണുകളോടെ ആരംഭിച്ച നുമ്മ ഊണ് പദ്ധതി ജില്ല മൊത്തം വ്യാപിപ്പിക്കാനായതും പുതുയുഗം പദ്ധതി നാനൂറോളം വിദ്യാർത്ഥികൾക്ക് ഗുണകരമായതും അദ്ദേഹം വിശദീകരിച്ചു. ഈ പദ്ധതികളുടെ നടത്തിപ്പിൽ കളക്ടറോ ടൊപ്പം പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്. പദ്ധതിയുടെ ആസൂത്രകനായ കളക്ടർക്കുള്ള യാത്രയയപ്പു കൂടിയായി യോഗം മാറി.