കാക്കനാട്: സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ളവരിലേക്കും ഗുണഫലങ്ങൾ എത്തുമ്പോഴേ വികസനം യാഥാർത്ഥ്യമാകൂവെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ.സഫിറുള്ള അഭിപ്രായപ്പെട്ടു. കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ കളക്ടർ മുൻ കൈ എടുത്ത് നടപ്പാക്കിയ മൂന്ന് പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല എല്ലാ രീതിയിലും മുന്നോട്ട് കുതിച്ചപ്പോഴും ജില്ലയിൽ 7600 വീടുകളിൽ കക്കൂസില്ല എന്ന 2014 ലെ കണക്കാണ് തന്നെ ഞെട്ടിച്ചത്. ഇതാണ് സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ഊന്നൽ നൽകാൻ കാരണം. സാമ്പത്തീക പ്രയാസമനുഭവിക്കുന്നവരും വികസനത്തിന്റെ ഭാഗമാകണം. എല്ലാവർക്കും തുല്യ അവകാശവും അവസരവും ലഭിക്കണം. പ്രതിബദ്ധതയുണ്ടെങ്കിൽ ഏത് പദ്ധതികളും വിജയിപ്പിക്കാമെന്നതിന്റെ ഉദാഹരണമാണ് നുമ്മ ഊണ്, പുതുയുഗം, രോഷ് നി പദ്ധതികളുടെ വിജയമെന്നും കളക്ടർ കൂട്ടിച്ചേർത്തു. ഏ.ഡി.എം. കെ.ചന്ദ്രശേഖരൻ നായർ, എസ്.എസ്.എ പ്രോജക്ട് ഓഫീസർ സജോയി ജോർജ്, ജോർജ് തോമസ് (ബി.പി.സി.എൽ), ജയശ്രീ ( അക്കാഡമിക് കോഡിനേറ്റർ), സജീവ് നമ്പ്യാർ ( പെട്രോനെറ്റ് ), അസീസ് ( കെ.എച്ച്.ആർ.എ), എം.ശ്രീജ ( അൽഫോൺസ് കണ്ണന്താനം അക്കാഡമി ), പിങ്കി ( സതേർലാന്റ്) തുടങ്ങിയവർ സംബന്ധിച്ചു. മീനാകുമാരി സ്വാഗതവും സി.കെ. പ്രകാശ് നന്ദിയും പറഞ്ഞു. റോഷ്നി, നുമ്മഊണ്, പുതുയുഗം പദ്ധതികളുടേയും ഇതുമായി സഹകരിക്കുന്ന വിവിധ സ്ഥാപനങ്ങളുടേയും ഉപഹാരം ചടങ്ങിൽ കളക്ടർക്ക് നൽകി.

ഫോട്ടോ അടിക്കുറിപ്പ്:

ജില്ലാ കളക്ടറുടെ വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ രോഷ്നി പദ്ധതിയുടെ ഉപഹാരം ജില്ലാ ജനറൽ കോർഡിനേറ്റർ സി.കെ. പ്രകാശ്, കോർഡിനേറ്റർ ജയശ്രീ, എസ്.എ,സ്.എ പ്രോജക്ട് ഓഫീസർ സജോയി ജോർജ് എന്നിവർ ചേർന്ന് ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ളക്ക് കൈമാറുന്നു