കടലില്‍ മത്‌സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഫിഷറീസ് വകുപ്പ് ശേഖരിച്ചു തുടങ്ങി. ഫിഷറീസ് ഡയറക്‌ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം മുഖേനയാണ് നമ്പറുകളെടുക്കുന്നത്. ഓഖി ചുഴലിക്കാറ്റ് പോലെയുള്ള ദുരന്തങ്ങള്‍ ഭാവിയില്‍ ഉണ്ടായാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് യഥാസമയം വിവരം ലഭ്യമാക്കുന്നതിനാണ് നടപടി. ഇതുവരെ സംസ്ഥാനത്തെ നാലായിരം മത്‌സ്യത്തൊഴിലാളികളുടെ നമ്പറുകള്‍ ശേഖരിച്ചുകഴിഞ്ഞു. രണ്ടാഴ്ചയ്ക്കകം മുഴുവന്‍ പേരുടെയും നമ്പറുകള്‍ ശേഖരിക്കും.
മത്‌സ്യത്തൊഴിലാളികളുടെ മൊബൈല്‍ നമ്പറുകള്‍ വിവിധ ജില്ലകളിലെ ഫിഷറീസ് ഓഫീസുകള്‍ മുഖേനെയാണ് ശേഖരിക്കുന്നത്. പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് മത്‌സ്യത്താഴിലാളികള്‍ക്ക് മൊബൈല്‍ ഫോണിലേക്ക് വിവരം നല്‍കുക. ഇതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
തീരത്തോട് അടുത്ത് മത്‌സ്യബന്ധനം നടത്തുന്നവര്‍ക്കാണ് ഇത്തരത്തില്‍ വിവരം മൊബൈല്‍ ഫോണില്‍ നല്‍കുക. 800 നോട്ടിക്കല്‍ മൈല്‍ അകലെ മത്‌സ്യബന്ധനം നടത്തുന്നവര്‍ക്ക് നാവിക് സംവിധാനത്തിലൂടെ വിവരം കൈമാറും. നാവിക് സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ഈ നമ്പറുകള്‍ ഇന്‍കോയിസിനും നല്‍കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും അറിയിപ്പുകള്‍ അപ്പപ്പോള്‍ മത്‌സ്യത്തൊഴിലാളികളിലെത്തിക്കാനും ഈ സംവിധാനം പ്രയോജനപ്പെടും. ഡിസംബര്‍ 26 വരെയുള്ള ഫിഷറീസ് വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് ഓഖി ദുരന്തത്തെത്തുടര്‍ന്ന് കടലില്‍ അകപ്പെട്ട 1116 മത്‌സ്യത്തൊഴിലാളികളെയാണ് രക്ഷപെടുത്തിയത്.