കാക്കനാട്: ജില്ലയിലെ അക്ഷയ സംരംഭകർക്കുള്ള ടാബ്ലറ്റ് വിതരണം ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ സഫീറുള്ള നിർവ്വഹിച്ചു. ആധാർ കാർഡിൽ പേര് ചേർക്കൽ, നവജാത ശിശുക്കൾക്ക് ആധാർ കാർഡ് നൽകുക , ക്ഷേമനിധി പെൻഷൻ എന്നിവയ്ക്ക് ആവശ്യമായ സർട്ടിഫിക്കറ്റ് തുടങ്ങിയവ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് അക്ഷയ സംരംഭകർക്ക് സൗജന്യമായി ടാബ് വിതരണം ചെയ്യുന്നത്.

ആധാറിന്റെ പരീക്ഷ എഴുതി അംഗീകരാം നേടിയ 195 അക്ഷയ കേന്ദ്രങ്ങൾക്കാണ് ടാബ് വിതരണം ചെയ്തത്. കണ്ണൂർ ജില്ലാ ബ്ലോക്ക് കോർഡിനേറ്റർ ഹിരേഷ് ആർ ജില്ലയിലെ 256 അക്ഷയ കേന്ദ്രങ്ങൾക്ക് സോഫ്റ്റ് സ്കിൽ പരിശീലനം നൽകി.

വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്ഷയ പദ്ധതി 2002 ൽ ആരംഭിച്ചത്. വില്ലേജ് ഓഫീസിലൂടെ നൽകി വരുന്ന 24 തരം സർട്ടിഫിക്കറ്റുകൾ , ആധാർ സേവനങ്ങൾ , റേഷൻ കാർഡ് സേവനങ്ങൾ , വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് , രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലേക്കുള്ള വിവിധ അപേക്ഷകൾ, വിവിധ തരം ഓൺലൈൻ പേയ്മെന്റുകൾ, മോട്ടോർ വാഹന വകുപ്പിന്റെ പേയ്മെന്റുകൾ, ലൈസൻസ് അപേക്ഷ , പാസ്പ്പോർട്ട് , പാൻ കാർഡ് തുടങ്ങിയ സർക്കർ സേവനങ്ങൾ അക്ഷയയിൽ ലഭിക്കും.

കളക്ട്രേറ്റ് പ്ലാനിങ്ങ് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു , അക്ഷയ ബിസിനസ് ഡവലപ്മെന്റ് മാനേജർ സ്റ്റേറ്റ് പ്രോജക്ട് ഓഫീസ് ബിജു. വി.എസ്, ജില്ലാ പ്രോജക്ട് മാനേജർ വിഷ്ണു . കെ. മോഹൻ, അക്ഷയ കോർഡിനേറ്റർ ജിൻസി. സി.പി. തുടങ്ങിയവർ പങ്കെടുത്തു.