വായിക്കുന്നതെല്ലാം സത്യമാണെന്ന് കരുതരുത്, വായിക്കുന്നതിനിടയില്‍ എവിടെയോ ആണ് സത്യം, ആ സത്യം കണ്ടെത്താന്‍ നാം നമ്മുടെ വിവേചന ശേഷിയും പ്രതിഭയും ഉപയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അഭിപ്രായപ്പെട്ടു. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എന്ത് വായിക്കണമെന്ന വ്യക്തമായ ബോധം നമുക്ക് വേണം. വാദവും പ്രതിവാദവും വായിക്കണം. എന്നാലെ എല്ലാറ്റിനെയും കുറിച്ചുള്ള വ്യക്തമായ ധാരണ നമുക്ക് ലഭിക്കൂ. ഇല്ലെങ്കില്‍ തീവ്രവാദത്തിലേക്കോ മറ്റ് തെറ്റുകളിലേക്കോ നമ്മള്‍ അറിയാതെ ചെന്നെത്തും. അത് ഒഴിവാക്കാനുള്ള ദൃഢനിശ്ചയമാണു വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടന വേളയില്‍ നാം എടുക്കേണ്ടത്. സാഹിത്യം പോലെ വൈജ്ഞാനിക വിഷയങ്ങളും വായിക്കണം. ശാസ്ത്രബോധം വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹീം അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ കെ.പി ജയരാജന്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.പി പ്രഭാകരന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി വി കെ പനയാല്‍,
എസ് എസ് എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി പി വേണുഗോപാല്‍, കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ രാമചന്ദ്രന്‍ നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ജി എച്ച് എച്ച് എസ് പ്രിന്‍സിപ്പല്‍ ഗീത ജി തോപ്പില്‍, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പി.കെ സുരേഷ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ കെ.വി രാഘവന്‍, കണ്‍വീനര്‍ സി.സുകുമാരന്‍, പൊതുവിദ്യാഭ്യാസ കോര്‍ഡിനേറ്റര്‍ പി ദിലീപ് കുമാര്‍,താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി ദാമോദരന്‍, ജി എച്ച് എസ് എസ് പിടിഎ പ്രസിഡന്റ് എം എ ജലീല്‍ എന്നിവര്‍ പങ്കെടുത്തു.
പ്ലസ് ടു വിദ്യാര്‍ത്ഥിനി നബീസത്ത് ടി.പി മിസിരിയ പുസ്തകാസ്വാദനം നടത്തി. കവികളായ സി എം വിനയചന്ദ്രന്‍, വി ശ്രീനിവാസന്‍ എന്നിവര്‍ കവിതാവതരണം നടത്തി. ഉദയന്‍ കുണ്ടംകുഴി നാടന്‍പാട്ട് അവതരിപ്പിച്ചു